കെവിന്‍ വധക്കേസ്; പത്ത് പ്രതികള്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും; വധശിക്ഷ വരെ ലഭിച്ചേക്കാം

കെവിന്‍ വധക്കേസിലെ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പത്ത് പ്രതികള്‍ക്കുള്ള ശിക്ഷ വിധിക്കും. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിക്കുക. സംസ്ഥാനത്തെ ആദ്യ ദുരഭിമാനകൊലയെന്ന് കണ്ടെത്തിയ കേസില്‍ അതിവേഗത്തിലാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. ജീവപര്യന്തം മുതല്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.

കെവിന്‍ വധം ദുരഭിമാന കൊലയാണെന്ന് കോടതി കണ്ടെത്തിയതോടെ, കേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ പ്രതികള്‍ക്ക് വധശിക്ഷ വരെ ലഭിച്ചേക്കാമെന്നാണ് നിയമ വിദഗ്ധരുടെ വിലയിരുത്തല്‍. അന്വേഷണ സംഘം കുറ്റപത്രത്തില്‍ ചുമത്തിയ 10 വകുപ്പുകളും പ്രതികള്‍ക്കെതിരെ തെളിഞ്ഞു. കൂടാതെ  ഇന്ത്യന്‍ ശിക്ഷാ നിയമം 364 അ പ്രകാരം മോചന ദ്രവ്യം ആവശ്യപ്പെട്ടല്ലാതെ ഒരു വ്യക്തിയെ തട്ടിക്കൊണ്ടു പോയി വിലപേശുന്ന കുറ്റം തെളിയിക്കപ്പെട്ട, രാജ്യത്തെ ആദ്യ കേസാണ് കെവിന്‍ വധക്കേസ്. വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ഒന്നാം പ്രതി ഷാനു ചാക്കോ, രണ്ടാം പ്രതി നിയാസ്, മൂന്നാം പ്രതി ഇഷാന്‍, നാലാം പ്രതി റിയാസ് ഇബ്രാഹിം എന്നിവര്‍ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. ഐ.പി.സി 120 ബി പ്രകാരം എഴ് വര്‍ഷം വരെ തടവ് ലഭിക്കാം. 2,4,6,9,11,12 പ്രതികള്‍ ഭവനഭേദനം, മുതല്‍ നശിപ്പിക്കല്‍, തുടങ്ങി പത്ത് വര്‍ഷം അധിക തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്തു. ഏഴാം പ്രതി ഷിഫിന്‍ സജാദ് തെളിവ് നശിപ്പിച്ചതായും കോടതിക്ക് ബോധ്യമായി.എഴ് വര്‍ഷം തടവ് ലഭിച്ചേക്കാം. 8,12 പ്രതികളായ നിഷാദും ഷാനു ഷാജഹാനും മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന മാരകമായ ഉപദ്രവം നടത്തിയെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News