അരുണ്‍ ജെയ്റ്റ്‌ലി അന്തരിച്ചു

ദില്ലി: മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അരുണ്‍ ജെയ്റ്റ്‌ലി (66) അന്തരിച്ചു.

ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഈ മാസം 9-ാം തീയതിയാണ് ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജെയ്റ്റ്‌ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഒന്നാം മോദി സര്‍ക്കാരില്‍ സാമ്പത്തിക കാര്യം, പ്രതിരോധം, കോര്‍പ്പറേറ്റ് അഫേഴ്‌സ്, വാര്‍ത്താ പ്രക്ഷേപണം തുടങ്ങിയ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ജയ്റ്റ്‌ലി 2009 മുതല്‍ 2014 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താ പ്രക്ഷേപണ വകുപ്പ് സഹമന്ത്രിയായും നിയമകാര്യവകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1991 മുതല്‍ ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗമാണ്.

2000 ഏപ്രില്‍ മൂന്നു മുതല്‍ 2018 ഏപ്രില്‍ രണ്ടുവരെ ഗുജറാത്തില്‍നിന്നുള്ള രാജ്യസഭാംഗമായി. 2018 ഏപ്രില്‍ മൂന്നു മുതല്‍ ഉത്തര്‍പ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമാണ്. 2014 മെയ് 26 മുതല്‍ 2019 ജൂണ്‍ 11 വരെ രാജ്യസഭാ നേതാവായി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമൃത്സറില്‍ നിന്ന് മത്സരിച്ചെങ്കിലും കോണ്‍ഗ്രസിലെ അമരീന്ദര്‍ സിംങിനോട് പരാജയപ്പെട്ടു.

1952 ഡിസംബര്‍ 28നാണ് അരുണ്‍ മഹാരാജ് കിഷന്‍ ജെയ്റ്റ്‌ലി എന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ ജനനം.

ബികോം ബിരുദത്തിനുശേഷം ദില്ലി സര്‍വകലാശാലയില്‍നിന്ന് എല്‍എല്‍ബി ബിരുദം നേടി. സര്‍വകലാശാലാ വിദ്യാര്‍ഥിയായിരിക്കെയാണ് എബിവിപിയിലൂടെ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. 1973ല്‍ അഴിമതിക്കെതിരെ തുടങ്ങിയ ജെപി പ്രസ്ഥാനത്തില്‍ നേതൃസ്ഥാനം വഹിച്ചു. അഭിഭാഷകനായി സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലും സേവനമനുഷ്ഠിച്ചു.

1989ല്‍ വി പി സിങിന്റെ കാലത്ത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആയി. നിയമം സമകാലിക വിഷയം എന്നിവ സംബന്ധിച്ച് നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അടിയന്തിരാവസ്ഥക്കാലത്ത് 19മാസം കരുതല്‍ തടങ്കലിലുമായിരുന്നു.

ഭാര്യ: സംഗീത ജെയ്റ്റ്‌ലി. മക്കള്‍: റോഹന്‍ ജെയ്റ്റ്‌ലി, സൊണാലി ജെയ്റ്റ്‌ലി ബഖ്ഷി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here