ഐതിഹാസിക ജയം; ഡ്യുറന്റ് കപ്പ് ഗോകുലം കേരളക്ക്

ഡ്യുറന്റ് കപ്പ് ഫുട്‌ബോളില്‍ ഗോകുലം എഫ്‌സി ചാമ്പ്യന്മാര്‍. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഡ്യുറന്റ് കപ്പ് കേരളത്തിലെത്തുന്നത്. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാനെ ഗോഗുലം പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഇരട്ട ഗോളാണ് കേരളത്തിന് കിരീടം സമ്മാനിച്ചത്.

22 വര്‍ഷത്തിനു ശേഷമാണ് ഡ്യുറന്റ് കപ്പ് കേരളത്തിലെത്തുന്നത്. എഫ്‌സി കൊച്ചിനു ശേഷം കപ്പുയര്‍ത്തുന്ന ടീമാണ് ഗോകുലം. ടൂര്‍ണമെന്റില്‍ 11 ഗോളുകളായി കേരളത്തിന് മികച്ച വിജയം സമ്മനിച്ചത് ക്യാപ്റ്റന്‍ മര്‍ക്കസ് ജോസഫിന്റെ മികച്ച പ്രകടനം തന്നെയാണ്. ഫൈനലില്‍ 16 വട്ടം വിജയിച്ച മോഹന്‍ ബഗാനെ തകര്‍ത്താണ് ഗോകുലം ചരിത്ര ജയം സ്വന്തമാക്കിയത്.

ടൂര്‍ണമെന്റില്‍ രണ്ട് ഹാട്രിക്ക് സഹിതം 11 ഗോള്‍ നേടിയ ക്യാപ്റ്റന്‍ തന്നെയാണ് കേരളത്തിന് കിരീടം സമ്മാനിച്ചതും. 45ാം മിനിറ്റിലും 51-ാം മിനിറ്റിലും ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനുവേണ്ടി ലക്ഷ്യം കണ്ടത്. 64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയാണ് ബഗാന്റെ ഗോള്‍. ജൊസേബിയ ബെയ്തിയ എടുത്ത ഫ്രീകിക്ക് മാര്‍ട്ടിനസ് ഹെഡ് ചെയ്ത് വലയിലാക്കുകയായിരുന്നു.

45ാം മിനിറ്റില്‍ പെനാല്‍റ്റിയില്‍ നിന്നായിരുന്നു മാര്‍ക്കസിന്റെ ആദ്യ ഗോള്‍. രണ്ടാം പകുതി തുടങ്ങി ഏറെ വൈകാതെ തന്നെ മാര്‍ക്കസ് രണ്ടാമതും ലക്ഷ്യം കണ്ടു.

കിരീടം നിലനിര്‍ത്താനുള്ള ബഗാന്റെ ശ്രമത്തില്‍ പോരാട്ടവീര്യം അണയാതെ കാത്താണ് ഗോകുലം കിരീടത്തില്‍ മുത്തമിട്ടത്. മല്‍സരത്തിന്റെ 87ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ടതോടെയാണ് ജസ്റ്റിന്‍ പുറത്തുപോയത്. തുടര്‍ന്ന് ശ്ക്തമായി പ്രതിരോധിച്ചുനിന്നായിരുന്നു ഗോകുലം കിരീടത്തില്‍ മത്തമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here