പ്രളയക്കെടുതി: ദുരിതാശ്വാസ നിധിയിൽ 4500 കോടി രൂപ എത്തി; പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ

കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും പ്രളയക്കെടുതി നേരിട്ടവരുടെ പുനരധിവാസം അതിവേഗം പൂർത്തിയാക്കാൻ രൂപരേഖ തയ്യാറാക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നുള്ള 10,000 രൂപയുടെ അടിയന്തര സഹായ വിതരണം സെപ്‌തംബർ ഏഴിനുള്ളിൽ പൂർത്തിയാക്കണമെന്ന്‌ മുഖ്യമന്ത്രി നിർദേശം നൽകി.

ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്കും ക്യാമ്പ്‌ വിട്ടവർക്കും ഈ തുക നൽകും. ക്യാമ്പുകളിൽ എത്താത്ത ദുരിതബാധിതർക്കും ആശ്വാസം നൽകാനാണ്‌ തീരുമാനം.

വീടും ഉപജീവനമാർഗവും നഷ്ടമായവരുടെയും കൃഷിനാശത്തിന്റെയും കണക്കെടുപ്പ്‌ നടന്നുവരികയാണ്‌.

റവന്യൂവകുപ്പിന്‌ 1874.77 കോടി രൂപ കൈമാറി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 24 വരെ 4461.33 കോടി രൂപ എത്തി. ഇതിൽ 2276.37 കോടി രൂപ ചെലവഴിച്ചു. 1874.77 കോടി രൂപ റവന്യൂവകുപ്പിന്‌ നൽകിയിട്ടുണ്ട്‌.

ഇക്കഴിഞ്ഞ പ്രളയത്തിൽ ദുരിതത്തിലായവർക്ക്‌ ആശ്വാസം നൽകുന്നതിനും മരിച്ചവരുടെ ആശ്രിതർക്കുള്ള അടിയന്തര ധനസഹായത്തിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തുക വകയിരുത്തി.

ഏതാനും ദിവസങ്ങൾക്കുള്ളിൽ കുറഞ്ഞത്‌ 500 കോടി രൂപകൂടി എത്തുമെന്നാണ്‌ കരുതുന്നത്‌. സിപിഐ എം ഗൃഹസന്ദർശനത്തിലൂടെ സമാഹരിച്ച്‌ വിവിധ ബാങ്കുകളിൽ അടച്ച തുക നിധിയിൽ വന്നുചേരാൻ തുടങ്ങിയിട്ടേയുള്ളൂ.

ഇത്‌ പൂർത്തിയാകാൻ ദിവസങ്ങളെടുക്കും. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും നൽകിയ ചെക്കുകൾ അക്കൗണ്ടിൽ ചേർക്കാൻ ബാങ്കുകൾക്ക്‌ കൈമാറി. പ്രളയത്തിൽ പൂർണമായി തകർന്ന 15,632 വീടുകളിൽ 7063 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി.

ബാക്കിയുള്ളവ പുനർനിർമാണത്തിലാണ്‌. ഓരോ ഘട്ടവും പൂർത്തിയാകുന്ന മുറയ്‌ക്ക്‌ തുക അനുവദിക്കുകയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News