ദുരന്തത്തിന്‌ ശേഷം പതിനാറാം ദിവസവും  പ്രിയപ്പെട്ടവരെ തേടി കവളപ്പാറ

യന്ത്രക്കൈകൾ വകഞ്ഞുമാറ്റുമ്പോൾ മണ്ണിൽ തെളിയുന്ന അവശേഷിപ്പുകളിൽ  ഉറ്റവരുടെ അടയാളങ്ങളുണ്ടോ എന്ന് പരതുന്ന കണ്ണുകളാണ്‌  ഇപ്പോൾ കവളപ്പാറയിലുള്ളത്‌. ദുരന്തത്തിന്‌ ശേഷം പതിനാറാം ദിവസവും  പ്രിയപ്പെട്ടവരെ തേടുകയാണ് ഗ്രാമം. മണ്ണിടിച്ചിലിൽ കാണാതായവരിൽ ഇനിയും കണ്ടെത്താൻ ബാക്കിയായ 11  പേർക്കായി തെരച്ചിൽ തുടർച്ചയായ നാലാം ദിവസവും ഫലം കണ്ടില്ല.

59 പേർ കാണാമറയത്തായ ഉരുൾപൊട്ടൽ ദുരന്തത്തിൽ 48 പേരുടെ മൃതദേഹം  ഇതിനകം കണ്ടെടുത്തു.  ജിഷ്ണ (21), ശ്യാംരാജ് (15), കാർത്തിക് (15), കമൽ (13), ഒടുക്കൻ കുട്ടി (50), ശ്രീലക്ഷ്മി (14), ഇമ്പിപ്പാലൻ (69), സുബ്രഹ്മണ്യൻ (30), പെരകൻ (65), സുജിത്ത് (19), ശാന്തകുമാരി (37) എന്നിവരെ ഇനിയും കണ്ടെത്താനായിട്ടില്ല.

മുത്തപ്പൻ മലയടിവാരത്ത്, ദുരന്തഭൂമിയിൽ 90 ശതമാനവും മണ്ണുമാന്തി നോക്കി.  ഉറവകൾ പതിച്ച്‌ വെള്ളക്കെട്ടായ സ്ഥലങ്ങളിലും തോടിനോടുചേർന്നും തെരച്ചിൽ തുടരും. ബന്ധുക്കൾ പറയുംവരെ തെരച്ചിൽ തുടരാൻ കഴിഞ്ഞ ദിവസം സ്ഥലത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു.

എട്ടിനാണ് ഭൂദാനം കവളപ്പാറ റോഡിന് തെക്കുഭാഗത്തെ മുത്തപ്പൻ മല ഇടിഞ്ഞിറങ്ങിയത്. അഗ്നിരക്ഷാ സേനയും ദുരന്തനിവാരണ സേനയുമാണ്‌ തെരച്ചിൽ നടത്തുന്നത്‌.   ചീഫ് ഫയർ റസ്‌ക്യു ഓഫീസർ വി സിദ്ധകുമാറാണ് 150 അംഗ അഗ്നിരക്ഷാ സേനയ്‌ക്ക്‌ നേതൃത്വം നൽകുന്നത്‌. ഒപ്പം മലപ്പുറം ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ, പാലക്കാട് ജില്ലാ ഓഫീസർ അരുൺ ഭാസ്കർ എന്നിവരും 10 സ്റ്റേഷൻ ഓഫീസർമാരും എന്നിവരുമുണ്ട്.

15 അംഗങ്ങൾവീതം ആറ് മേഖലയായി തിരിച്ചാണ് തെരച്ചിൽ. ഡെപ്യൂട്ടി കമാൻഡന്റ് വിനോയ് ജോസഫിന്റെ നേതൃത്വത്തിൽ ദുരന്തനിവാരണ സേനയുടെ 80 അംഗ സംഘവും തെരച്ചിൽ നടത്തുന്നുണ്ട്‌. ഹൈദരബാദിലെ ജിയോഫിസിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ശാസ്ത്രജ്ഞർ ഗ്രൗണ്ട് പെനിട്രേറ്റിങ് റഡാറിലൂടെയും പരിശോധന നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News