ഒരു പരിസ്ഥിതി ദിനം കൂടി

അർത്ഥാന്തരങ്ങൾ/ എൻ. പി. ചന്ദ്രശേഖരൻ

രു ലോക പരിസ്ഥിതി ദിനം കൂടി
കേരളത്തിൽ പലപ്പോഴും പരിസ്ഥിതി വാദം പരിഹസിക്കപ്പെടും. വിശേഷിച്ചും വികസനഭ്രാന്തിന്റെ ഈ കാലത്ത്. പരിസ്ഥിതിവാദരംഗത്തുള്ള ചില കള്ള നാണയങ്ങളെ ചൂണ്ടി ഹരിതോല്കണ്ഠകളെയാകെ പലരും തള്ളിപ്പറയും.

എന്നാൽ, കാര്യങ്ങൾ മാറിവരികയാണ്, ആഗോള സാഹചര്യത്തിൽ. കേവല പരിസ്ഥിതി വാദം സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങൾ തേടുന്നുവെന്നാണ് പുതിയ വാർത്ത. വിഖ്യാതസാമൂഹികചിന്തകരും രാഷ്ട്രീയാന്വേഷകരും പരിസ്ഥിതി പ്രശ്‌നങ്ങളിലേയ്ക്കു കൂടി അന്വേഷണം തിരിക്കുകയാണ്. അതിന്റെ ദൂരവ്യാപകമായ ഫലങ്ങൾ കാണാൻ ധൈഷണികലോകം ഒരുങ്ങുകയാണ്.

ആദ്യം, ഒരു വാർത്തക്കാഴ്ചയിലേയ്ക്ക് കുറച്ചു മുമ്പ് വാഷിങ്ടൺ ഡിസിയിൽ പരിസ്ഥിതിപ്രവർത്തകരുടെ ഒരു പ്രകടനം നടന്നു. ആ മഹാനഗരി കണ്ട എത്രയോ പ്രതിഷേധ നടകളിലൊന്ന്. പക്ഷേ, ഇത്തവണ ഒരു ചെറിയ വ്യത്യാസത്തോടെ. പ്രകടനക്കാർ ഒരു മുദ്രാവാക്യപ്പലക ഉയർത്തി: System change, Not climate change. വ്യവസ്ഥിതിയാണ് മാറേണ്ടത് കാലാവസ്ഥയല്ല എന്ന ഉദ്‌ഘോഷണം ഒരു പരിസ്ഥിതിവാദ സമരത്തിൽ നിന്ന് പരിസ്ഥിതിചിന്ത രാഷ്ട്രീയോന്മുഖമാകുന്നതിന്റെ അടയാളമായി ആ സംഭവത്തെക്കാണാം.

ഇനി, നോം ചോംസ്‌കി 2014ന്റെ തുടക്കത്തിൽ പറഞ്ഞ ഒരു കാര്യത്തിലേയ്ക്ക്. തന്നെ ആശങ്കയിലാഴ്ത്തുന്ന കാര്യങ്ങൾ ഒരു പുതുവർഷ അഭിമുഖത്തിൽ എണ്ണിയെണ്ണിപ്പറയുകയായിരുന്നു ചോംസ്‌കി. ലോകം ഒരു പരിസ്ഥിതി മഹാദുരന്തത്തിലേയ്ക്കു നീങ്ങുന്നു എന്നതായിരുന്നു ചോംസ്‌കിയുടെ ഖേദങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്.

മൂന്നാമതായി, പരിസ്ഥിതിമേഖലയിൽ നടക്കുന്ന ‘മാർക്‌സിലേയ്ക്കു മടക്കം’ എന്ന പ്രവണതയിലേയ്ക്ക്. ആഗോളതാപനമടക്കമുള്ള പരിസ്ഥിതി മേഖലയിലെ പുതിയ പ്രശ്‌നങ്ങൾ അതിജീവിക്കാൻ മാർക്‌സിന്റെ ദർശനങ്ങളുടെ വെളിച്ചം കൊണ്ടു കഴിയുമെന്ന പ്രത്യാശ ആഗോള ചിന്താമണ്ഡലത്തിൽ ഉരുത്തിരിഞ്ഞിരിക്കുന്നു. 1930കളിലേ രംഗത്തുവന്നിരുന്ന രാഷ്ട്രീയപരിസ്ഥിതിവാദത്തിന്റെ പുതിയ വഴിത്തിരിവോ ഉയിർത്തെഴുന്നേൽപ്പോ ആയി ഇതു മാറി.

പരിസ്ഥിതിപ്രശ്‌നങ്ങളെ മാർക്‌സിന്റെയും ഏംഗൽസിന്റെയും കാഴ്ചപ്പാടിൽ വ്യാഖ്യാനിക്കുന്ന ഒരു ചിന്താധാര തന്നെ പൊന്തിവന്നിരിക്കുന്നു. ഈ ചിന്തകൾ പാരിസ്ഥിതിക മാർക്‌സിസം എന്ന വിളിപ്പേരുപോലും നേടിക്കഴിഞ്ഞു.

ഇപ്പോഴത്തെ അതിതീവ്രപരിസ്ഥിതി പ്രശ്‌നങ്ങളെ ഈ നവീന ചിന്താസരണി വിശകലനം ചെയ്യുന്നത് ഒരു രാഷ്ട്രീയപ്രശ്‌നമായാണ്. രാഷ്ട്രീയബന്ധമുള്ള പ്രശ്‌നമായല്ല, അടിമുടി രാഷ്ട്രീയനിഷ്ഠമായ രാഷ്ട്രീയപരിഹാരം മാത്രം മുന്നിലുള്ള പ്രശ്‌നമായാണ്. പരിസ്ഥിതി പ്രശ്‌നം ഒരു ശാസ്ത്ര സാങ്കേതിക പ്രശ്‌നമല്ല എന്ന് പാരിസ്ഥിതിക മാർക്‌സിസം പറയും. അതിനുള്ള പരിഹാരം ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നിന്ന് ഉരുത്തിരിയേണ്ടതുമല്ല എന്ന് പാരിസ്ഥിതിക മാർക്‌സിസ്റ്റുകൾ കൂട്ടിച്ചേർക്കും. ഇക്കാലത്തെ പരിസ്ഥിതിപ്രശ്‌നങ്ങളെ അത്യന്തതീവ്രമുതലാളിത്തത്തിന്റെ അനിവാര്യസൃഷ്ടിയായി അവർ വിശദീകരിക്കുന്നു. ഇതു മനസ്സിലാക്കാത്ത കേവല പരിസ്ഥിതി വാദത്തെ അവർ നിരാകരിക്കുന്നു. പരമ്പരാഗത പരിസ്ഥിതിവാദത്തിന്റെ പൊതുധാര അപ്രായോഗികമാംവിധം ആദർശവാദപരവും അപകടകരമാംവിധം അരാഷ്ട്രീയവുമാണ് എന്നവർ കുറ്റപ്പെടുത്തുന്നു.
നിലനില്ക്കുന്ന സകലതിന്റെയും അടിസ്ഥാനമാണ് ലോകപ്രകൃതി എന്നതാണ് മാർക്‌സിന്റെയും ഏംഗൽസിന്റെയും കാഴ്ചപ്പാട്. ഭൗതികയാഥാർത്ഥ്യം ചിന്തയിൽനിന്നു വിമുക്തമാണെന്നും ചിന്തയുടെ മുന്നോടിയാണെന്നും പറഞ്ഞിട്ടുണ്ട് മാർക്‌സ്.

മാർക്‌സിന്റെ ഒരു ഉദ്ധരണി പാരിസ്ഥിതിക മാർക്‌സിസ്റ്റുകൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കാറുണ്ട്:

‘മനുഷ്യൻ പ്രകൃതിയിൽ നിന്നു ജനിക്കുന്നു. അതായത് പ്രകൃതി അവന്റെ ശരീരം തന്നെയാണ്. മരിക്കാതിരിക്കണമെങ്കിൽ അവനു പ്രകൃതിയുമായി നിരന്തരം സംവാദത്തിലേർപ്പെടണം. മനുഷ്യൻറെ ഭൗതികവും മാനസികവുമായ ജീവിതം പ്രകൃതിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രസ്താവത്തിന്റെ ലളിതമായ അർത്ഥം പ്രകൃതി അതിനോടുതന്നെ ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ്.’
മാർക്‌സിന്റെയും ഏംഗൽസിന്റെയും മറ്റൊരു ഉദ്ധരണിയും പാരിസ്ഥിതിക മാർക്‌സിസ്റ്റ് ചിന്തകർക്കു പ്രിയപ്പെട്ടതാണ്:

‘മനുഷ്യന്റെ, അതിനാൽ ചരിത്രത്തിന, നിലനിൽപിന്റെ ആദ്യ ഉപാധി മനുഷ്യന് നിലനിൽക്കാനാകണം എന്നതും ചരിത്രം നിർമ്മിക്കാനാകണം എന്നതുമാണ്.’

മാർക്‌സും ഏംഗൽസും നിരീക്ഷിച്ച മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഈ ബന്ധത്തിന്റെ നിരാസമാണ് മുതലാളിത്തത്തിൽ നടക്കുന്നത്. മുതലാളിത്തത്തിന്റെ നിലനിൽപ്പ് ചൂഷണത്തിലാണ്. മുടക്കുമുതൽ, മൂലധനം, ഒരു രക്തസക്ഷസ്സാണ്. അതിന് അനന്തവും അപാരവുമായ വിശപ്പാണ്. ലാഭത്തിനും കൂടുതൽ ലാഭത്തിനും കൊള്ളലാഭത്തിനുമുള്ള വിശപ്പ്, ഉടൻ ലാഭത്തിനും അഭൂതപൂർവമായ ലാഭത്തിനും നിത്യലാഭത്തിനുമുള്ള വിശപ്പ്, വിശ്വമാകെ വിഴുങ്ങാനുള്ള വിനാശത്തിന്റെ വിശപ്പ്. മനുഷ്യാദ്ധ്വാനത്തിന്റെ രക്തം കുടിച്ചാണ് മുടക്കുമുതൽ ലാഭവും കൂടുതൽ ലാഭവും കൊള്ള ലാഭവുമുണ്ടാക്കുന്നത്.
അത് മനുഷ്യപക്ഷത്തുനിന്നുള്ള കാ!ഴ്ച മാത്രം. ഒറ്റവശക്കാഴ്ച. മറുവശത്തോ, മുടക്കുമുതലിന് മനുഷ്യനെ മാത്രമല്ല പ്രകൃതിയെയും ചൂഷണം ചെയ്യണം. മുതലെന്ന രക്തരക്ഷസ്സു വളരുന്നത് മനുഷ്യൻറെ മാത്രമല്ല, മനുഷ്യാദ്ധ്വാനത്തിന്റെ മാത്രമല്ല, മനുഷ്യന്റെ സർഗ്ഗാത്മകതയുടെ മാത്രമല്ല, ഇക്കാണായ പ്രകൃതിയുടെയാകെ രക്തം കൂടി ഊറ്റിക്കുടിച്ചാണ്. മുതലാളിത്തത്തിന് വായുവും വെള്ളവും വെളിച്ചവുമൊക്കെ കച്ചവടത്തിനുള്ള അസംസ്‌കൃതവസ്തുക്കളാണ്. മനുഷ്യനെപ്പോലെ തന്നെ. ഇതാണ് മുതലാളിത്തത്തിന്റെ എക്കാലത്തെയും തത്വശാസ്ത്രം. അത്യന്തതീവ്രമുതലാളിത്തത്തിന്റെ ഇക്കാലത്തോ, ആ തത്വശാസ്ത്രം മതിഭ്രമവും മനോരോഗവുമൊക്കെയായി മാറിയിരിക്കുന്നു.

അതിനാൽ, മുതലാളിത്തം ഇന്നത്തെ രീതിയിൽ തുടർന്നാൽ, ആഗോള വിപണിയും ഉപഭോക്തൃരീതികളും ഇന്നത്തെ രീതിയിൽ തുടർന്നാൽ, ഈ പ്രതിസന്ധി തീവ്രതരമാവുകയേയുള്ളൂ. വളർച്ചയാണ് മുതലാളിത്തത്തിന്റെ വിശ്വാസപ്രമാണം. വിപണി വികസിപ്പിക്കുക, വിപണിയുടെ പ്രഭാവം ശക്തമാക്കുക, എല്ലാ വിഭവങ്ങളെയും സേവനങ്ങളെയും ചരക്കാക്കുക, പുതിയ ആവശ്യങ്ങളും ആർഭാടങ്ങളും സൃഷ്ടിക്കുക, ഉപഭോഗത്തിന്റെ തോത് വീണ്ടും വീണ്ടും കൂട്ടുക എന്നിവയൊക്കെയാണ് മുതലാളിത്തത്തിന്റെ പ്രയോഗശാസ്ത്രം. ഇത് അസംസ്‌കൃത വസ്തുക്കളുടെയും ഊർജ്ജത്തിന്റെയും സംഘടിതവും ആഗോളവ്യാപകവുമായ ധൂർത്തടിയിലൂടെ മാത്രമേ സാധ്യമാകൂ.

ഇനിയുള്ളത്, മുതലാളിത്തത്തിൽത്തന്നെ ലാഭാർജ്ജനത്തിന്റെ തോതു കുറയ്ക്കാനാവുമോ എന്ന ചോദ്യമാണ്. അതും അസാധ്യമാണ്. എത്രയും വേഗത്തിൽ ഏറ്റവും ഫലപ്രദമായി ഏറ്റവും കൂടുതൽ ലാഭമുണ്ടാക്കുക എന്നത് മുതലാളിത്തത്തിന്റെ ജീവിതമന്ത്രമാണ്. പരിസ്ഥിതിക്കായി ലാഭത്തിന്റെ അളവോ തോതോ വേഗമോ കുറയ്ക്കുകയെന്നത് മുതലാളിത്തത്തിൽ അസാധ്യമാണ്.

സാമ്പത്തികവളർച്ചയും വിപണിവികാസവുമില്ലാത്ത മുതലാളിത്തം എന്നത് മുതലാളിത്തം എന്ന സങ്കൽപ്പത്തിന്റെ തന്നെ നിഷേധമാണ്.

പരിസ്ഥിതിപ്രശ്‌നത്തിന്റെ ശത്രുവായി സാങ്കേതികവിദ്യയെ പ്രതിക്കൂട്ടിൽ നിർത്തുന്ന ചിലരെങ്കിലും സാങ്കേതികവിദ്യയുടെ നിരാസത്തിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ കാലത്തേയ്ക്കു പോകാമെന്നു കരുതുന്നുണ്ട്. എന്നാൽ, സാങ്കേതികവിദ്യയുടെ വളർച്ച കൊണ്ടു മാത്രമല്ല ഇപ്പോഴത്തെ തോതിലുള്ള പരിസ്ഥിതി പ്രതിസന്ധിയുണ്ടായത്. സാമ്പത്തികവളർച്ച നേടുക എന്ന, ലാഭം പെരുപ്പിക്കുക എന്ന, മുതലാളിത്ത മുദ്രാവാക്യത്തിൻറെ ഭ്രാന്തവും അന്ധവുമായ പ്രയോഗം കൊണ്ടാണ്.

ചോംസ്‌കിയെപ്പോലുള്ള ചിന്തകർ ഒരു പരിസ്ഥിതി മഹാദുരന്തത്തിന്റെ കാലൊച്ചകൾ കേൾക്കുന്നത് ഇത്തരം ചിന്തകളിലും കണ്ടെത്തലുകളിലും ആധികളിലും നിന്നാണ്. ഇവിടെ പരിസ്ഥിതിക്കായുള്ള സമരം രാഷ്ട്രീയസമരമാവുകയാണ്. വ്യവസ്ഥിതി മാറ്റുന്നതിനുള്ള സമരമാവുകയാണ്. പരിസ്ഥിതി പുതിയ വർഗ്ഗസമരമേഖലയാവുകയുമാണ്.

പരിസ്ഥിതി ചിന്തകൾ ഇന്നലെ വരെ സഹനചിന്തകളായിരുന്നു. വ്യവസ്ഥിതിയ്ക്ക് സ്വാംശീകരിക്കാനാവുന്ന സഹനസമരങ്ങൾ മാത്രം കിനാക്കണ്ടിരുന്ന നിഷ്‌ക്രിയവിപ്ലവത്തിന്റെ തത്വശാസ്ത്രമായിരുന്നു. വ്യവസ്ഥിതിക്കുള്ളിൽ നടപ്പില്ലാത്ത ആദർശസ്വപ്നങ്ങൾ മുന്നോട്ടു വെച്ചിരുന്ന കാല്പനികതയുടെ കലാപതത്വമായിരുന്നു. അതിപ്പോൾ ഏഴാഴി ചൂഴുന്ന ഈ വലിയ ലോകത്തിന്റെ വിശാലതകളിലെവിടെയൊക്കെയോ വിമോചനത്തിന്റെ തത്വശാസ്ത്രവുമായി കൈകോർത്തു തുടങ്ങിയിരിക്കുന്നു.

ആ ധൈഷണിക പ്രവണത നാളെ എവിടെയെത്തും? ആ രാഷ്ട്രീയ കൊടുക്കൽ വാങ്ങലുകൾ നാളെ ഏതു ചരിത്രമെഴുതും?

അവയൊക്കെ കാണാനിരിക്കുന്ന കാര്യം.

പക്ഷേ, ആ പ്രവണതയുടെ സന്ദേശം കേൾക്കേണ്ടവർ കേൾക്കുമോ? പരിസ്ഥിതിവാദികളും കമ്യൂണിസ്റ്റുകാരും സോഷ്യലിസ്റ്റുകാരും ഗാന്ധിയന്മാരും ആദ്ധ്യാത്മികവാദികളുമൊക്കെ തത്വശാസ്ത്രത്തിന്റെ തെരുവിൽ ഇരുട്ടിൽ തെളിയുന്ന ഈ ചുവരെഴുത്തു വായിക്കുമോ? അതിൽനിന്ന് അവരവർക്കു സ്വീകാര്യമായ, ലോകത്തിനുതകുന്ന എന്തെങ്കിലും സ്വാംശീകരിക്കുമോ? പാരിസ്ഥിതികപ്രശ്‌നങ്ങളുടെ രാഷ്ട്രീയപരിഹാരത്തിന് ഒരു മുന്നണി ഇന്നല്ലെങ്കിൽ നാളെ യാഥാർത്ഥ്യമാകുമോ?

ഒരു പരിസ്ഥിതിദിനം കൂടി മുന്നിലെത്തുമ്പോൾ ഇങ്ങനെ ചില കാര്യങ്ങളാണ് ഓർത്തു പോകുന്നത്.

അർത്ഥാപത്തി:

നല്ല വെള്ളം ഞങ്ങളുടെ ജന്മാവകാശം

നല്ല വായു ഞങ്ങളുടെ ജന്മാവകാശം

നല്ല അന്നം ഞങ്ങളുടെ ജന്മാവകാശം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News