
മാര്‍ച്ച് 14 വെള്ളിയാഴ്ച്ച ഹോളി ആഘോഷങ്ങള്‍ നടക്കുന്നതിനാല്‍ ക്രമസമാധാനം പാലിക്കാന്‍ എന്ന് ആരോപിച്ച് ആയിരത്തില്‍ അധികം പേരെ കരുതല്‍ തടങ്കലിലാക്കി. സിആര്‍പിസിയിലെ സെക്ഷന്‍ 126, 135 എന്നിവ പ്രകാരമാണ് നടപടി. ഹോളി സമാധാനത്തോടെ നടത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായും എസ്ഡിഎം ഡോ. വന്ദന മിശ്ര പറഞ്ഞു.
ഉത്തര്‍പ്രദേശിലെ സംഭലിലെ ചരിത്രപ്രസിദ്ധമായ ശാഹീ മസ്ജിദ് അടക്കം പത്ത് മുസ്‌ലിം പള്ളികള്‍ ടാര്‍പോളിന്‍ ഇട്ട് മൂടിയെന്ന് വാർത്തയ്ക്ക് പിന്നാലെയാണ് ഇപ്പോൾ ഇത്തരത്തിൽ ഒരു വാർത്തയും പുറത്ത് വരുന്നത്. അക്രമ സംഭവങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു വിചിത്ര നടപടി കൈകൊണ്ടതെന്നാണ് പൊലീസിന്റെ ഭാഷ്യം.
പരമ്പരാഗത ‘ലാത്ത് സാഹിബ്’ ഹോളി ഘോഷയാത്ര നടക്കുന്ന വഴിയിലുള്ള പള്ളികളാണ് ടാർപോളിൻ കൊണ്ട് മൂടിയത്. ഹോളി സമയത്ത് ദേഹത്ത് നിറങ്ങളാകാതെയിരിക്കാൻ മുസ്ലീം പുരുഷന്മാർക്ക് “ടാർപോളിൻ ഹിജാബ്” ധരിക്കണമെന്ന ഉത്തർപ്രദേശ് മന്ത്രി രഘുരാജ് സിംഗിന്റെ പ്രസ്താവന വിവാദമായിരുന്നു.
ഹോളിയാഘോഷത്തിന്റെ വേലയിൽ സ്പർധ വർധിപ്പിക്കുന്ന തരത്തിൽ നിരവധി പ്രസ്താവനകൾ ബിജെപി നേതാക്കന്മാർ നടത്തിയിരുന്നു. ഹോളി നിറങ്ങൾ ദേഹത്ത് പതിക്കണ്ട എങ്കിൽ മുസ്ലീങ്ങൾ വീട്ടിൽ തന്നെ കഴിയണമെന്ന സാംബാൽ സർക്കിൾ ഓഫീസർ അനുജ് കുമാർ ചൗധരിയുടെ പ്രസ്താവനയും നേരത്തെ ചർച്ചയായിരുന്നു.
അതേസമയം, ബിജെപി നേതാക്കളുടെ പ്രകോപന പരാമര്‍ശങ്ങളെ സിപിഐ എം പൊളിറ്റ് ബ്യൂറോ അപലപിച്ചു. സമാധാനപരമായി ഹോളി ആഘോഷിക്കാന്‍ കേന്ദ്രം നടപടികള്‍ സ്വീകരിക്കണമെന്നും പിബി ആവശ്യപ്പെട്ടു.
യുപി മുഖ്യമന്ത്രി ആദിത്യനാഥ് മുസ്ലീങ്ങളെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ഉത്തര്‍പ്രദേശ്, ബീഹാര്‍, മധ്യപ്രദേശ് എന്നിവിടങ്ങളിലെ മന്ത്രിമാരും എംഎല്‍എമാരും പ്രകോപന പരാമര്‍ശങ്ങള്‍ നടത്തുന്നു. മുസ്ലീം സമൂഹത്തെ ഭയപ്പെടുത്താനും സംഘര്‍ഷം സൃഷ്ടിക്കാനുമാണ് സംഘപരിവാർ ശ്രമം നടത്തുന്നതെന്നും പിബി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here