‘ഞാൻ മോഷ്ടിച്ചിട്ടില്ലമ്മേ…’; മോഷണകുറ്റം ആരോപിച്ച് കടയുടമ പരസ്യമായി മർദ്ദിച്ചു, ബംഗാളിൽ 12 വയസ്സുകാരൻ കുറിപ്പെഴുതി വച്ച് ജീവനൊടുക്കി

west bengal

ബംഗാളിലെ പശ്ചിമ മേദിനിപൂർ ജില്ലയിൽ ഒരു പാക്കറ്റ് ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് ജനക്കൂട്ടത്തിന് മുന്നിൽ മർദിച്ചതിനെ തുടർന്ന് 12 വയസ്സുള്ള ആൺകുട്ടി കീടനാശിനി കഴിച്ച് ജീവനൊടുക്കി. വ്യാഴാഴ്ച വൈകുന്നേരമാണ് പാൻസ്‌കുര പ്രദേശത്തെ ഗോസൈബർ ബസാറിലുള്ള ഒരു കടയിൽ നിന്ന് ഏഴാം ക്ലാസ് വിദ്യാർത്ഥിയായ കൃഷേന്ദു ദാസ് ചിപ്‌സ് മോഷ്ടിച്ചെന്ന് ആരോപിച്ച് കടയുടമയായ ശുഭാങ്കർ ദീക്ഷിത് പരസ്യമായി മർദ്ദിക്കുകയും ആൾക്കൂട്ടത്തിന് മുന്നിൽ സിറ്റ് അപ് ചെയ്യിപ്പിക്കുകയും ചെയ്തത്.

ചിപ്സ് വാങ്ങാൻ എത്തിയ കുട്ടി ഒരുപാട് തവണ കടയുടമയെ വിളിച്ചിട്ടും ആരെയും കാണാത്തതിനെ തുടർന്ന് ഒരു പാക്കറ്റുമായി അവിടെ നിന്ന് ഇറങ്ങി. പിന്നീട് തിരിച്ചു വന്നു കാശ് തരാനാണ് ഉദ്ദേശിച്ചതെന്ന് കുട്ടി പറഞ്ഞിരുന്നു. എന്നാൽ, പിന്നാലെ എത്തിയ കടയുടമ കുട്ടിയെ അടിക്കുകയും പൊതുജനങ്ങൾക്ക് മുന്നിൽ സിറ്റ്-അപ്പ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നാണ് കുടുംബം നൽകിയ പരാതിയിലുള്ളത്.

ALSO READ; എബ്രഹാം ലിങ്കൺ കൊല്ലപ്പെട്ട രാത്രിയിലെ രക്തം പുരണ്ട കയ്യുറകൾ, കയ്യക്ഷരം പതിഞ്ഞ പേപ്പർ; ലേലത്തിൽ വിറ്റ് പോയത് അതിശയിപ്പിക്കുന്ന വിലയ്ക്ക്

അതേസമയം, മോഷണം ആരോപിച്ചതിനെ തുടർന്ന് കുട്ടിയുടെ അമ്മയും അവനെ ശകാരിക്കുകയും അടിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ഈ സമയത്തൊക്കെയും കടയുടെ മുന്നിൽ കിടന്ന ജങ്ക് ഫുഡ് പാക്കറ്റ് താൻ എടുത്തതായും പിന്നീട് പണം നൽകാൻ വരുമായിരുന്നുവെന്നും കുട്ടി പറയുന്നുണ്ടായിരുന്നു.

തുടർന്ന് വീട്ടിൽ തിരിച്ചെത്തിയ 12 കാരൻ മുറിയിൽ കയറി കതകടക്കുകയായിരുന്നു. വളരെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് അയൽക്കാരെ കൂട്ടി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോ‍ഴാണ് കീടനാശിനി കുടിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

“അമ്മേ, ഞാൻ കള്ളനല്ല. ഞാൻ മോഷ്ടിച്ചിട്ടില്ല. ഞാൻ കടയിൽ കാത്തിരിക്കുമ്പോൾ അമ്മാവൻ (കടയുടമ) അടുത്തുണ്ടായിരുന്നില്ല. തിരിച്ചു വരുമ്പോൾ റോഡിൽ ഒരു കുർക്കുറെ പാക്കറ്റ് കിടക്കുന്നത് കണ്ട് ഞാൻ അത് എടുത്തു. എനിക്ക് കുർക്കുറെ ഇഷ്ടമാണ്” – പോകുന്നതിനു മുമ്പുള്ള എന്റെ അവസാന വാക്കുകൾ ഇവയാണെന്നും ദയവായി കീടനാശിനി കുടിച്ചതിന് എന്നോട് ക്ഷമിക്കണമെന്നും പറഞ്ഞാണ് കൃഷ്ണേന്ദു ദാസിന്‍റെ കുറിപ്പ് അവസാനിക്കുന്നത്.

ബംഗാൾ പോലീസുമായി ബന്ധപ്പെട്ട് ഗതാഗത നിയന്ത്രണത്തിൽ സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ഒരു സിവിൽ വളണ്ടിയർ കൂടിയായ കടയുടമ താൻ കുട്ടിയെ ആക്രമിച്ചിട്ടില്ല എന്നാണ് അവകാശപ്പെടുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News