‘ഹജ്ജ് തീർഥാടനത്തിനായി ഒമാനിൽ നിന്ന് 14,000 പേരെ തെരഞ്ഞെടുത്തു’; ഒമാൻ ഹജ്ജ് മിഷൻ മേധാവി

ഹജ്ജ് തീർഥാടനത്തിനായി ഒമാനിൽ നിന്ന് 14,000 തീർഥാടകർക്ക് അവസരം ലഭിച്ചതായി ഒമാൻ ഹജ്ജ് മിഷൻ മേധാവി. 440 പ്രവാസികൾക്ക് അവസരം  നൽകിയെന്നും അധികൃതർ മസ്കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഈ വർഷത്തെ ഹജ്ജ്  തീർഥാടകർക്കായുള്ള തയാറെടുപ്പുകളെക്കുറിച്ചും യാത്രാ സൗകര്യങ്ങളെക്കുറിച്ചും വിശദീകരിച്ചാണ്‌ ഒമാൻ ഹജ്ജ് മിഷൻ മേധാവി അഹമ്മദ് സലിം അൽ റഷ്ദി വാർത്താ സമ്മേളനം നടത്തിയത്. 42,000-ത്തിലധികം അപേക്ഷകളിൽ നിന്നാണ് 14,000 തീർഥാടകരെ തെരഞ്ഞെടുത്തത്. ഇതിൽ 13,560 ഒമാനികളും 440 പ്രവാസികളും ഉൾപ്പെടും.

ഒമാൻ എയർ, സലാം എയർ എന്നിവയുമായി സഹകരിച്ച് വിമാന ടിക്കറ്റ് നിരക്കിൽ 40 റിയാൽ കുറവ് വരുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഹജ്ജ് വിമാനം മെയ് 23ന് ആണ് പുറപ്പെടുന്നത്. ഈ വർഷം മസ്‌കത്തിന് പുറമെ സുഹാർ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിക്കാനുള്ള സൗകര്യമുണ്ടാകും. കൂടാതെ സൗദിയിലെ തായിഫ് വിമാനത്താവളത്തെയും സർവീസുകൾക്കായി ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: അമേരിക്കയുടെ അവകാശവാദം തള്ളി ഇറാൻ; സമാധാനക്കരാറിൽ ഏർപ്പെടുമെന്ന വാർത്ത തെറ്റെന്നു ടെഹ്‌റാൻ 

തീർഥാടകർക്കൊപ്പം 17 ഒമാനി ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം ഉണ്ടാകും. ഓരോ ഹജ്ജ് കമ്പനിക്കും അവരുടെ ഡോക്ടറെ കൂടെക്കൂട്ടാനും ഇത്തവണ അനുമതി നൽകിയിട്ടുണ്ട്. അന്തർദേശീയ പങ്കാളികളുമായി സഹകരിച്ച് മികച്ച ഗുണനിലവാരത്തിലും സുതാര്യതയോടെയും എല്ലാ സേവനങ്ങളും നൽകും. തീർത്ഥാടകർക്കാണ് പ്രഥമ പരിഗണനയെന്ന് അഹമ്മദ് സലിം അൽ റഷ്ദി  പറഞ്ഞു. 

അതേസമയം, തീർഥാടകർക്കായുള്ള ലോകത്തിലെ ഏറ്റവും മികച്ച ഡിജിറ്റൽ സേവനത്തിനുള്ള പുരസ്കാരം ഒമാന്റെ ഹജ്ജ് ഇലട്രോണിക്ക് സംവിധാനത്തിന് ലഭിച്ചു. കരമാർഗം യാത്ര ചെയ്യുന്ന തീർഥാടകരുടെ എണ്ണം കഴിഞ്ഞ സീസണിലെ 5,122-ൽ നിന്ന് ഇത്തവണ 3,034 ആയി കുറഞ്ഞു. ഒമാനിൽ നിന്നുള്ള ഹജ്ജ് ബസുകളുടെ സഞ്ചാരം നിരീക്ഷിക്കാൻ ഡിജിറ്റൽ സ്മാർട്ട് ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തിയതും ഈ വർഷത്തെ പ്രത്യേകതയാണ്. 

കരമാർഗമുള്ള തീർഥാടകർക്കായി അതിർത്തികളിൽ ബസുകളുടെ തത്സമയ നീക്കം ഇതുവഴി നിരീക്ഷിക്കും. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പ്രതികരിക്കാനും സ്മാർട്ട് മെക്കാനിസം ഉപയോഗപ്പെടും. കൂടാതെ, അർഹരായ ഗുണഭോക്താക്കൾക്കായി ‘ഔഖാഫ് ബൈത് അൽ റബാത്ത്’ സംരംഭം വഴി രണ്ടുലക്ഷം ഒമാനി റിയാലിലധികം സമാഹരിച്ചു. ഒമാനി ഹജ്ജ് മിഷന്റെ ആസ്ഥാനം വിശുദ്ധ സ്ഥലങ്ങൾക്ക് അടുത്തുള്ള  അൽ നസീം മേഖലയിലേക്ക് മാറ്റിയിട്ടുണ്ട്. തീർഥാടകർക്ക് താമസസ്ഥലങ്ങളിൽ മികച്ച വെന്റിലേഷൻ, ലൈറ്റിംഗ് സൗകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. മികച്ച ലോജിസ്റ്റിക്കൽ സേവനങ്ങളും കുറഞ്ഞ ഗതാഗതക്കുരുക്കുമുള്ള ഈ പ്രദേശം തീർത്ഥാടകർക്ക് സേവനങ്ങൾ വേഗത്തിൽ എത്തിക്കാൻ സഹായിക്കുമെന്നും അധികൃതർ പറഞ്ഞു.

തീർഥാടകർ സൗദി അറേബ്യയുടെയും ഒമാന്റെയും ആരോഗ്യ-സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും നുസുക് കാർഡ് കൈവശം വെക്കണമെന്നും ഹജ്ജ് മിഷൻ മേധാവി  അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News