കേരളത്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ 15 ബോട്ടപകടങ്ങള്‍, 317 മരണം

ഞായറാ‍ഴ്ച മലപ്പുറം താനൂരിലെ തൂവല്‍തീരത്ത് നടന്ന ബോട്ടപകടത്തിന്‍റെ ഞെട്ടലിലാണ് കേരളം. സ്ത്രീകളും കുട്ടികളുമടക്കം 22 പേരുടെ ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്. ഉള്‍ക്കൊള്ളാവുന്നതിനപ്പുറം ആളുകളെ ബോട്ടില്‍ കയറ്റിയതും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങള്‍ ഇല്ലാത്തതും അപകടത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ബോട്ടിന് ലൈസന്‍സ് ഇല്ലെന്നുള്ളതും അന്വേഷണത്തില്‍ വ്യക്തമായിരിക്കുകയാണ്. രക്ഷപ്പെടുത്തിയ പത്ത് പേരില്‍ എട്ട് പേരും അപകടനില തരണം ചെയ്തു. സംസ്ഥാനത്തിന്‍റെ ചരിത്രത്തില്‍ താനൂര്‍ സംഭവം ‍ഉള്‍പ്പെടെ 15 ബോട്ടപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. 317 ജീവനുകളാണ് ഈ അപകടങ്ങളില്‍ പൊലിഞ്ഞത്.

2015 ഓഗസ്റ്റ് 26 ന് കൊച്ചിയിലാണ് ഇതിനു മുമ്പ് ബോട്ടപകടം ഉണ്ടായത്. വൈപ്പിനില്‍ നിന്ന് ഫോര്‍ട്ട് കൊച്ചിയിലേക്ക് പോയ യാത്ര ബോട്ടിലേക്ക് മത്സ്യബന്ധന വള്ളം ഇടിച്ചു കയറി യാത്രാബോട്ട് മുങ്ങി 11 പേരാണ് അന്ന് മരണപ്പെട്ടത്.

1924 ജനുവരി 17 ന്  ആണ് കേരളം ഞെട്ടലോടെ ഓര്‍മ്മിക്കുന്ന ആദ്യ ബോട്ടപകടം. കൊല്ലത്തുനിന്ന് എറണാകുളത്തിന് പുറപ്പെട്ട ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന്‍ മോട്ടോര്‍ സര്‍വീസിന്‍റെ ‘റെഡിമര്‍’ എന്ന ഇരുനില ബോട്ട് പല്ലനയാറ്റിലെ പല്ലന പുത്തന്‍കരി വളവില്‍ ഉണ്ടായ അപകടത്തില്‍ മഹാകവി കുമാരനാശാന്‍ ഉള്‍പ്പെടെ 24 പേരാണ് മരണപ്പെട്ടത്.

സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ബോട്ടപകടം 2009 ല്‍ തേക്കടി തടാകത്തിലാണ് സംഭവിച്ചത്. സെപ്റ്റംബര്‍ 30 ന് തേക്കടി തടാകത്തില്‍ 76 പേരുമായി സര്‍വീസ് നടത്തിയ ജലകന്യക എന്ന ബോട്ട് മറിഞ്ഞ്  45 പേരുടെ ജീവനുകളാണ് പൊലിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News