
ശബ്ന ശ്രീദേവി ശശിധരൻ
മലയാള കവിതയിൽ കാല്പനികതയുടെ വസന്തത്തിന് തുടക്കം കുറിച്ച മഹാ കവി ,ആഴവും പരപ്പും ഉള്ള സ്നേഹം അദ്ദേഹത്തിന്റെ ഓരോ കവിതയിലും കാണാം . ജാതീയ അസമത്വത്തിനെതിരെ പോരാടിയ അദ്ദേഹം തന്റെ തൂലികയാകുന്ന സ്നേഹ തൂവലുകൾ കൊണ്ട് വാക്കുകളെ സ്പർശിച്ചിരുന്നു .‘സ്നേഹത്തിന്റെ സംഗീതസാന്ദ്രമായ സംസാരമാണ് കവിത’ എന്ന് എ.സി. ബ്രാഡ്‌ലി പറഞ്ഞത് അന്വർഥമാക്കിയ കവിയാണ് ആശാൻ. അദ്ദേഹത്തിന്റെ എല്ലാ ഖണ്ഡകാവ്യങ്ങളിലും ചെറു കവിതകളിലും സ്നേഹത്തിന്റെ സംഗീതം കേൾക്കാനാവും.
ALSO READ: ഏപ്രിൽ 15 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗ് സമയം മാറുമോ ? ഒടുവിൽ പ്രതികരിച്ച് ഐആർസിടിസി
സ്നേഹമെന്ന രണ്ടക്ഷരം വ്യത്യസ്തമായ ഭാവങ്ങളോടെ അദ്ദേഹത്തിന്റെ കവിതയിൽ നിറഞ്ഞൊഴുകി. സാമൂഹികമായ ഏകത്വം ഉണ്ടാക്കണമെങ്കിൽ വ്യത്യസ്ത വിശ്വാസപ്രമാണങ്ങൾക്കിടയിൽ സ്നേഹബന്ധം ഉറപ്പിക്കണമെന്ന് വിശ്വസിച്ച് പ്രവർത്തിക്കാൻ കവിതയിലും പൊതുജീവിതത്തിലും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .നളിനി, ലീല, സാവിത്രി, മാതംഗി, സീത, ഉപഗുപ്തൻ, ആനന്ദഭിക്ഷു, മദനൻ, ദിവാകരൻ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം സ്നേഹത്തിന്റെ വിഭിന്നമുഖങ്ങൾ പ്രകടിപ്പിച്ചവരാണ്.
മലയാളഭാഷയിൽ എഴുതപെട്ട ആശാന്റെ പ്രധാനപ്പെട്ട ഖണ്ഡകാവ്യമാണ് നളിനി. അദ്ദേഹത്തിന്റെ ഏറ്റവും വിശിഷ്ടമായ രചനയെന്ന് പല നിരൂപകരും വാഴ്ത്തിയിട്ടുള്ള കൃതി. ഈ കാവ്യം ഭാവസൗന്ദര്യത്തിലും താത്വികചിന്തയിലും സമ്പന്നമായ കൃതിയാണ്. ഇതിലൂടെ അശുദ്ധമായ സാമൂഹിക സാഹചര്യങ്ങളിൽ പോലും ആത്മീയ ശുദ്ധിയും ആത്മഗൗരവവുമാണ് മനുഷ്യനെ മഹത്വത്തിലേക്ക് ഉയർത്തുന്നത് എന്ന സന്ദേശം കവി നൽകുന്നു. ലോകസാധാരണമല്ലാത്ത ഒരു സ്ത്രീപുരുഷ പ്രേമത്തിന്റെ കഥയാണ് ഈ കഥാകാവ്യത്തിലെ പ്രതിപാദ്യം. പ്രേമകഥയിലെ നായികയുടെ പേരാണ് കാവ്യത്തിന് നൽകിയിട്ടുള്ളത്. അന്യാദൃശ്യമായ സ്നേഹം കാവ്യത്തിന്റെ പ്രധാന ഭാവമായിരിക്കുന്നതുകൊണ്ട് ‘ഒരു സ്നേഹം’ എന്നൊരു കാവ്യനാമം കൂടി ഇക്കാവ്യത്തിനുണ്ട്. ആശാന്റെ ഭാഷ വളരെ ലാളിത്യപൂർണ്ണവും കാവ്യാത്മകവുമാണ്. ഉപമകളും പ്രതീകങ്ങളും മികച്ച രീതിയിൽ ഉപയോഗിച്ച്, കവി ആന്തരിക ശുദ്ധതയുടെയും മാനവിക മൂല്യങ്ങളുടെയും സന്ദേശം വളരെ സമർഥമായി ഈ കാവ്യത്തിലൂടെ അവതരിപ്പിക്കുന്നു.
നളിനിയുടെ കളിത്തോഴനായിരുന്ന ദിവാകരൻ യൗവനാരംഭത്തിൽ സ്വദേശം വിട്ടുപോയി. അദ്ദേഹത്തിന്റെ അഭാവത്തിലും നളിനി ദിവാകരനെ ജീവതേശനായിക്കരുതി ആരാധിച്ചു. യൗവനയുക്തയായ മകളെ വിവാഹബന്ധത്തിലേർപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിച്ചു. തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടതറിഞ്ഞ നളിനി തോഴിമാരോടുപോലും ആലോചിക്കാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യയ്ക്കു മുതിരുകയും ചെയ്തു. ജലപ്പരപ്പിലേക്കു കുതിച്ച അവളെ ഒരു താപസി രക്ഷപ്പെടുത്തി. ആ യോഗിനിയുടെ സംരക്ഷണയിൽ അഞ്ചു വർഷക്കാലം അവൾ ആ ആശ്രമത്തിൽ നിഷ്ഠയോടെ വസിച്ചു.
അനന്തരം ഒരു സുപ്രഭാതത്തിൽ, ഹിമവൽസാനുവിൽ വച്ച് കാഷായവേഷധാരിയായൊരു യോഗിയായി അവൾ ദിവാകരനെ കണ്ടെത്തി. പരസ്പരം മനസ്സിലാക്കിയശേഷം നളിനിയുടെ നിയമനിഷ്ഠയിൽ സന്തുഷ്ടനായ യോഗിവര്യൻ അവളെ അനുഗ്രഹിച്ചു യാത്രയാകാൻ ഒരുമ്പെട്ടു. തത്ക്ഷണം പതിപ്രേമനിഷ്ഠയായ അവൾ ‘ദൃഢമിപ്പദാംബുജത്തിന്റെ സീമയിതു പോകിലില്ല ഞാൻ’ എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കൽ സ്വയം സമർപ്പിച്ചു. അപ്പോൾ ആ യോഗിവര്യന് അവളോട് കാരുണ്യമുണ്ടാവുകയും, മഹാവാക്യതത്ത്വം അവൾക്ക് ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. പരമമായ ബ്രഹ്മാനന്ദാനുഭൂതിയിൽ ലയിച്ച അവളിൽ നിന്ന് ഓം എന്ന നാദവൈഖരിക്കൊപ്പം ഒരു ധാമവും മിന്നൽപോലെ വേർപെട്ടുപോയി. ‘പട്ടിടഞ്ഞതനുതന്റെ മേനിവേർപെട്ടിടാഞ്ഞത്’ യോഗി അറിയുകയും ചെയ്തു.
”തന്നതില്ല പരനുള്ളു കാട്ടുവാ
നൊന്നുമേ നരനുപായമീശ്വരന്‍
ഇന്നു ഭാഷയതപൂര്‍ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ഥശങ്കയാല്‍’’
എന്നിങ്ങനെയാണ് ആശാന്‍ ആവിഷ്‌കരിച്ചത്. പഴയകാലജീവിതം മുഴുവനും പറഞ്ഞശേഷം ദിവാകരന്‍ തനിക്കാരാണെന്ന് വ്യക്തമാക്കുന്നിടത്ത് നളിനിയിലെ പ്രണയം കരകവിഞ്ഞൊഴുകുന്നുണ്ട് .
കുമാരനാശാൻ തന്റെ നൂതന കാവ്യശൈലിയിലൂടെയും ലാളിത്യപൂർണ്ണമായ ഭാഷയിലൂടെയും ഈ കാവ്യത്തെ അവതരിപ്പിക്കുന്നു. ഉപമ, രൂപകം, പ്രതീകം, ശബ്ദസൗന്ദര്യം, ഗാനപരമായ ഒഴുക്ക് എന്നിവ അദ്ദേഹത്തിന്റെ ശൈലിയിൽ കാണാം. നളിനിയെ താമരപ്പൂവിന്റെ രൂപത്തിൽ പ്രതിനിധീകരിച്ച രീതിയിൽ ഉള്ള താത്വിക ദർശനവും കവിതയിൽ കാണാം.
സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹസാരമിഹ സത്യമേകമാം
മോഹനം ഭുവന സംഗമിങ്ങതില്‍
സ്‌നേഹമൂലമമലേ വെടിഞ്ഞു ഞാന്‍’’
കുമാരനാശാനിലെ ഭൗതിക ജീവിതവീക്ഷണവും ആധ്യാത്മിക ജീവിതവീക്ഷണവും തമ്മിലുള്ള സംഘര്‍ഷാവസ്ഥയാണ് ‘നളിനി’ എന്ന ഖണ്ഡകാവ്യത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. താന്‍ ഭുവനസംഗം വെടിഞ്ഞതും സന്ന്യാസം സ്വീകരിച്ചതും സ്‌നേഹത്തിനു വേണ്ടിത്തന്നെയെന്ന് ദിവാകരയോഗി പറയുന്നു. ആത്മോപദേശം കേട്ട നളിനി, കൊടിമരത്തില്‍ വീണുകിടക്കുന്ന പതാക പോലെ അവന്റെ മാറിടത്തിലേക്ക് ചാഞ്ഞുവീണ് ലോകത്തോട് വിടപറയുന്നു. സൂര്യനെയും താമരയെയുംപോലെ രണ്ട് വ്യത്യസ്ത പ്രണയസങ്കല്പങ്ങള്‍ ഈ കഥാപാത്രങ്ങളിലേക്ക് ആരോപിക്കാവുന്നതാണ് .ഈ കാവ്യത്തിൽ നിന്നു നമുക്ക് മനസ്സിലാകുന്ന പ്രധാന താത്വിക സന്ദേശം – സമൂഹം എത്രത്തോളം അശുദ്ധമായാലും, വ്യക്തിഗത ശുദ്ധിയും ആത്മീയബലവും അവനവളെ ഉയർത്തിവയ്ക്കും എന്നതാണ്. നളിനിയുടെ മാതൃക ജീവിതം മറ്റുള്ളവർക്ക് പ്രചോദനമാവുകയും അതിലൂടെ കവി ഒരു വലിയ സാമൂഹിക സന്ദേശം നൽകുകയും ചെയ്യുന്നു.
മലയാളസാഹിത്യത്തിലെ അതുല്യരൂപം കൊണ്ടുള്ള കൃതികളിൽ ഒന്നാണ് നളിനി . പ്രകൃതിയിൽ നിന്നെടുത്ത പ്രതീകങ്ങൾ വഴി താത്വികതയും മാനവികതയും വിളിച്ചോതുന്ന ഈ കാവ്യം, ആന്തരിക ശുദ്ധിയുടെയും ആത്മവിശ്വാസത്തിന്റെയും മഹത്വം പറയുന്നു.നളിനി” എന്നാണ് കാവ്യത്തിലെ നായികയുടെ പേര്. കാവ്യത്തിൽ കവി നളിനിയെ താമരപ്പൂവിന്റെ പ്രതീകമായി ചിത്രീകരിക്കുന്നു .ചളിയിലാണ് താമര വളരുന്നത് എങ്കിലും അതിന് കീഴ്മനസ്സില്ല; അതു പോലെയാണ് നളിനിയുടെ ജീവിതവും. അവൾ സമൂഹത്തിലെ നീതിയും സദാചാരവും കുത്തനെ ഇടിഞ്ഞുനില്ക്കുന്ന സാഹചര്യങ്ങളിലും സ്വച്ഛതയോടെയും ആത്മവീര്യത്തോടെയും അവൾ തന്റെ നിലപാടുകൾ പരിരക്ഷിക്കുന്നു.നളിനിയുടെ മുഖേന കവി നമ്മെ ഓർമ്മപ്പെടുത്തുന്നത്, ജീവിതം എത്ര ക്ലേശകരമായാലും ആന്തരിക ശുദ്ധിയും ആത്മഗൗരവവും നിലനിറുത്താൻ കഴിയുന്നവരാണ് യഥാർത്ഥ മഹന്മാർ എന്നാണ് . മാനവ ജീവിതത്തിന്റെ ഉന്നത മൂല്യങ്ങളെ ഉരുത്തിരിയിച്ചുകൊണ്ട്, ശുദ്ധതയുടെ പ്രതീകമായ താമരയിലൂടെ കവി ആ പ്രബോധനം ഗഹനവും ഹൃദയസ്പർശിയുമായ രീതിയിൽ അവതരിപ്പിക്കുന്നു. അതുകൊണ്ടുതന്നെ “നളിനി” മലയാള സാഹിത്യത്തിലെ അതുല്യമായ താത്വികകാവ്യങ്ങളിലൊന്നായി മാറ്റപ്പെടുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

