
എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിൽ നിന്നും ചാടി ഇറങ്ങിയ 16 കാരൻ മരിച്ചു. ചെല്ലാനം സ്വദേശി മാലാഖപടിയിൽ പവൻ സുമോദാണ് ചികിത്സയിൽ ഇരിക്കെ ഇന്നു രാവിലെ മരിച്ചത്. അശ്രദ്ധമായി ബസ്സിന്റെ ഡോർ തുറന്നിട്ട് ഓടിച്ചതിന് ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രി ഏഴരയോടെ ചെല്ലാനം മാലാഖപടിയിലായിരുന്നു അപകടമുണ്ടായത്. ചെല്ലാനം ഫിഷർമെൻ കോളനിയിൽ മാർട്ടിൻ സുമോദിന്റെ മകൻ പവൻ പവൻ സുമോദാണ് മരിച്ചത്. ഇതു വഴി സർവീസ് നടത്തുന്ന സ്വകാര്യ ബസിന്റെ തുറന്നിട്ട വാതിലിലൂടെ ചാടിയിറങ്ങിയ കുട്ടിക്ക് റോഡിൽ തലയടിച്ചു വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയാണ് മരിച്ചത്. മാലാഖ പടിയിൽ നിന്നും ബസ്സിൽ കയറിയ കുട്ടി ആദ്യം സീറ്റിൽ ഇരുന്നു. പിന്നീട് എഴുന്നേറ്റ് കുറച്ചു സമയം വാതിൽ പടിയിൽ നിൽക്കുകയും പെട്ടെന്ന് തുറന്നു കിടന്ന ഡോറിലൂടെ പുറത്തേക്ക് ചാടി ഇറങ്ങുകയുമായിരുന്നു. ബസ്സിൽ നിന്ന് തെറിച്ചു വീണ് കുട്ടി അപകടത്തിൽപ്പെട്ടു എന്നാണ് ആദ്യം പുറത്തുവന്ന വിവരം.
അപകട സമയത്തെ ബസ്സിന് അകത്തെയും പുറത്തെയും സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നതോടെയാണ് സംഭവം വ്യക്തമായത്. അപകടത്തിൽ അസ്വാഭാവിക മരണത്തിന് കണ്ണമാലി പൊലീസ് കേസ് എടുത്തിട്ടുണ്ട്. മനുഷ്യ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിൽ ബസ്സിന്റെ ഡോർ തുറന്നിട്ട് അശ്രദ്ധമായി വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെയും പൊലീസ് കേസെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here