
വടക്കൻ സിറിയയിലെ മൻബിജ് നഗരത്തിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ 19 പേർ കൊല്ലപ്പെട്ടു. ശനിയാഴ്ചത്തെ നടന്ന സ്ഫോടനത്തിന് പിന്നാലെ നഗരത്തിൽ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. 2024 ഡിസംബറിൽ ബഷർ അൽ-അസദിനെ അധികാരത്തിൽ നിന്ന് പുറത്താക്കിയതിനുശേഷം സിറിയയിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഇന്നലെ നടന്നത്. റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, തുർക്കി അതിർത്തിയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ അകലെയായിരുന്നു സ്‌ഫോടനം.
കൊല്ലപ്പെട്ടവരിൽ 18 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നുവെന്ന് ആശുപത്രിയിലെ നഴ്‌സിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇത് വരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
ALSO READ; ‘വ്യാപാരയുദ്ധം’ ഉടനില്ല; കാനഡയ്‌ക്കെതിരെ പ്രഖ്യാപിച്ച ഇറക്കുമതി തീരുവ മരവിപ്പിച്ച് ട്രംപ്
സിറിയയിൽ ഒരു മാസത്തിനിടെ നടക്കുന്ന ഏഴാമത്തെ കാർ ബോംബ് സ്ഫോടനമാണിത്. സ്ത്രീ തൊഴിലാളികളെ ഒരു ഫാമിലേക്ക് കൊണ്ടു പോകുകയായിരുന്ന കാറാണ് പൊട്ടിത്തെറിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിക്കേറ്റവരെ സിവിൽ ഡിഫൻസ് ടീമുകൾ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
തുടർച്ചയായ സ്‌ഫോടനങ്ങളെ തുടർന്ന്, നഗരത്തിലെ പ്രധാന ഇടങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനൊപ്പം ജനവാസ കേന്ദ്രങ്ങളിൽ സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കാനും മൻബിജിലെ ജനങ്ങൾ ശ്രമങ്ങൾ നടത്തുന്നതായി ഒരു പ്രാദേശിക മാധ്യമപ്രവർത്തകൻ പറഞ്ഞു. അതെ സമയം മേഖലയിലുള്ള വിവിധ സായുധ സേനകൾ ആക്രമണത്തിൽ പരസ്പരം പഴി ചാരുന്നുണ്ട്. ശനിയാഴ്ചയും സിറിയയിലെ മൻബിജിൽ ഒരു കാർ ബോംബ് സ്ഫോടനം നടന്നിരുന്നു. അതിൽ 2 കുട്ടികൾ അടക്കം 4 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

