സിംഗപ്പൂരില്‍ തമിഴ് പഠിക്കാന്‍ മൊബൈല്‍ ആപ്പും

സിംഗപ്പൂര്‍: സിംഗപ്പൂര്‍  ജനതയ്ക്ക് തമിഴ് പഠിക്കാന്‍ ഇനി മൊബൈല്‍ ആപ്ലിക്കേഷനും. തമിഴ് ഭാഷ അടിസ്ഥാനമാക്കിയുള്ള പുതിയ മൊബൈല്‍ ആപ്പ് സിംഗപ്പൂരിലെ തമിഴ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ പുറത്തിറക്കി.

സിംഗപ്പൂരിലെ നാല് ഔദ്യോഗിക ഭാഷകളിലൊന്നാണ് തമിഴും. പ്രിസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആപ്പ് കൂടുതല്‍ ഉപയോഗപ്രദമാവുക. ഓഡിയോയിലൂടെയും വീഡിയോയിലൂടെയും ഭാഷാ പഠനം കൂടുതല്‍ എളുപ്പമാകുമെന്നാണ് അധികൃതര്‍ അഭിപ്രായപ്പെടുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ മന്ത്രിയായ എസ്. ഈശ്വരനാണ് ആപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. തമിഴ് ഭാഷയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആപ്പുകള്‍ക്കും മറ്റ് സോഫ്റ്റ്‌വെയറുകള്‍ക്കും സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇംഗ്ലീഷ്, ചൈനീസ്, മലയ എന്നിവയാണ് തമിഴിന് പുറമെ സിംഗപ്പൂരിലെ മറ്റ് ഔദ്യോഗിക ഭാഷകള്‍. തമിഴ് ഭാഷാ പ്രോത്സാഹിപ്പിക്കുന്നതിന് വന്‍പരിപാടികളാണ് സിംഗപ്പൂര്‍ സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. തമിഴ് ഭാഷ അടിസ്ഥാനമാക്കിയുള്ള ഒരു വാര്‍ത്താ പോര്‍ട്ടല്‍ ഈ വര്‍ഷമാദ്യം മീഡിയ കോര്‍പ്പ് ആരംഭിച്ചിരുന്നു. മീഡിയ കോര്‍പ്പിന്റെ തന്നെ വസന്തം ചാനലില്‍ തമിഴ് പ്രാദേശിക വാര്‍ത്താ ബുള്ളറ്റിനുകള്‍ ഏപ്രില്‍ മാസത്തില്‍ ആരംഭിച്ചിരുന്നു. സിംഗപ്പൂര്‍ ഇന്‍സിറ്റിയൂട്ട് ഓഫ് മനേജ്‌മെന്റ് യൂണിവേഴ്‌സിറ്റിയില്‍ തമിഴ് ഭാഷാ സാഹിത്യത്തില്‍ ബിരുദ കോഴ്‌സും അനുവദിച്ചിട്ടുണ്ട്.

ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലന്റ്, കാനഡ,അമേരിക്ക, യു.കെ എന്നിവിടങ്ങളിലെ പ്രതിനിധികളാണ് തമിഴ് ഇന്റര്‍നെറ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്. മൂന്നുദിവസമായി തുടരുന്ന കോണ്‍ഫറന്‍സ് നാളെ സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News