ദില്ലി: സാഫ് ഗെയിംസിന് ആഥിത്യം വഹിക്കാനുള്ള കേരളത്തിന്റെ താത്പര്യങ്ങള്‍ക്ക് തിരിച്ചടി. ഗെയിംസ് അസാമിലും മേഘാലയയിലുമായി നടത്താന്‍ ഇന്ത്യന്‍ ഒളിമ്പിക്ക് അസോസിയേഷന്‍ തീരുമാനിച്ചു. അസം സ്വദേശിയായ കേന്ദ്ര കായിക മന്ത്രി സര്‍ബാനന്ദ സോനാവലിന്റെ നിര്‍ബന്ധത്തിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ വഴങ്ങിയതാണ് കേരളത്തിന് തിരിച്ചടിയായത്.
സാഫ് ഗെയിംസ് നടത്തിപ്പിനായി ആസ്സം തുടക്കം മുതല്‍ തന്നെ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഫണ്ട് സംബന്ധിച്ച തര്‍ക്കങ്ങളെ തുടര്‍ന്നാണ് ഒളിമ്പിക് അസോസിയേഷന്‍ കേരളത്തെ സമീപിച്ചത്. അടുത്തിടെ ദേശീയ ഗെയിംസ് നടന്നതും കേരളത്തിന് അനുകൂല ഘടകമായിരുന്നു. ശ്രീലങ്ക, പാക്കിസ്ഥാന്‍ ഉള്‍പ്പെടെ എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന സാഫ് ഗെയിംസിന് തിരുവനന്തപുരം മുഖ്യ വേദിയാക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
കേരളത്തിന് ഗെയിംസിന് ആഥിത്യമരുളാനുള്ള അവസരം ലഭിക്കുമെന്ന് ഉറപ്പിച്ചിരിക്കുമ്പോഴാണ് കായിക മന്ത്രാലയത്തിന്റെ ഇടപെടലുണ്ടായത്. ഗെയിംസ് നടത്തിപ്പിന് അസാം മേഘാലയ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ധനസഹായം നല്‍കാനും തീരുമാനമായതാണ് സൂചന. അസാമില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഗെയിംസിന്റെ മുഖ്യ വേദി മാറ്റാന്‍ കായിക മന്ത്രാലയം സമ്മര്‍ദ്ദം ചെലുത്തിയത്.

Get real time update about this post categories directly on your device, subscribe now.