ജയലളിതക്കെതിരെ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയെ കുറ്റവിമുക്തയാക്കിയതിനെതിരെ കര്‍ണാടക സര്‍ക്കാര്‍. കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്.

അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ടായിരുന്നുവെന്നും നിയമ വകുപ്പ് കാര്യങ്ങള്‍ പഠിച്ച ശേഷം നടപടിയുമായി മുന്നോട്ടു പോകുമെന്നും കര്‍ണാടക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വത്തുവിവരം സംബന്ധിച്ച് ജയലളിത കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍ തെറ്റാണെന്നും കര്‍ണാടക വിധിക്ക് പിന്നലെ ആരോപിച്ചിരുന്നു.
ഏപ്രിലിലാണ് ബംഗളൂരുവിലെ പ്രത്യേക വിചാരണ കോടതിയുടെ വിധി റദ്ദാക്കി ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയത്. നാലു വര്‍ഷത്തെ തടവുശിക്ഷയും നൂറു കോടി രൂപ പിഴയുമാണ് ജയലളിതയ്ക്കു വിചാരണക്കോടതി വിധിച്ചത്. ജയലളിതയ്ക്കു പുറമേ തോഴി ശശികല, അനന്തിരവള്‍ ഇളവരശി, വളര്‍ത്തുമകന്‍ സുധാകരന്‍ എന്നിവര്‍ക്കെതിരായ ശിക്ഷയും റദ്ദാക്കിയിരുന്നു. വിധി വന്ന് ദിവസങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത വീണ്ടും അധികാരമേറ്റിരുന്നു.

1991-96 കാലയളവില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 66 കോടി രൂപയുടെ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് കേസ്. 2000 ഏക്കര്‍ ഭൂമി, മുപ്പതു കിലോ സ്വര്‍ണം, 12000 സാരികള്‍ എന്നിവയാണ് അനധികൃത സമ്പത്തായി കണക്കിലെടുത്തത്. ആദായനികുതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജനതാപാര്‍ട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയാണ് ജയലളിതയ്‌ക്കെതിരേ പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here