സൂറിച്ച്: വിവാദങ്ങൾക്കൊടുവിൽ ഫിഫ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സെപ് ബ്ലാറ്റർ നാടകീയമായി രാജിവച്ചു. അഞ്ചാം തവണയും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നാലുദിവസം പിന്നിടുമ്പോഴാണ് നാടകീയമായി ബ്ലാറ്റർ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചത്. വാർത്താസമ്മേളനം നടത്തി താൻ രാജിവയ്ക്കുകയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഭൂരിപക്ഷങ്ങളുടെയും പിന്തുണയില്ലാതെയാണ് താൻ തെരഞ്ഞെടുക്കപ്പെട്ടതെന്ന് ബ്ലാറ്റർ പറഞ്ഞു. ഉടൻ തന്നെ പുതിയ പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് നടത്തുമെന്ന് ബ്ലാറ്റർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് തുടർച്ചയായ അഞ്ചാം തവണയും സെപ് ബ്ലാറ്റർ ഫിഫയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. അതിനും രണ്ടുദിവസം മുമ്പ് ഫിഫയിൽ അഴിമതി ആരോപിച്ച് എഫ്ബിഐ റെയ്ഡ് നടത്തുകയും ഫിഫയുടെ ഏഴ് ഉന്നത ഉദ്യോഗസ്ഥരെ എഫ്ബിഐ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതോടെ ബ്ലാറ്ററുടെ രാജിക്കായി മുറവിളി ശക്തമാവുകയും യുവേഫ ബ്ലാറ്റർക്കെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തു. എല്ലാ എതിർപ്പുകളെയും വകവയ്ക്കാതെ ബ്ലാറ്റർ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയായിരുന്നു.
2018 ലോകകപ്പ് റഷ്യക്ക് അനുവദിച്ചതിലും 2022 ലോകകപ്പ് ഖത്തറിന് അനുവദിച്ചതിലും അഴിമതിയുണ്ടെന്ന് കാണിച്ച് സ്വീഡനും സ്വന്തം നിലയിൽ അന്വേഷണം നടത്തുന്നുണ്ട്. ഇതിനുപുറമേ, യുഎസ് ജസ്റ്റിസ് ഡിപ്പാർട്‌മെന്റിന്റെയും ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും അന്വേഷണവും നടക്കുന്നുണ്ട്.
1975-ലാണ് ആദ്യമായി ബ്ലാറ്റർ ഫിഫയിൽ എത്തുന്നത്. 1998-ൽ ബ്ലാറ്റർ ആദ്യമായി ഫിഫ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ സുഹൃത്തുക്കളെ കൂട്ടുപിടിച്ച് വീണ്ടും അധികാരത്തിൽ വരാനായിരുന്നു ബ്ലാറ്ററുടെ ശ്രമം. എന്നാൽ, യുവേഫയുടെ കടുത്ത എതിർപ്പിനെ തുടർന്നാണ് ഇപ്പോൾ രാജിവയ്ക്കാനുള്ള തീരുമാനം.
Get real time update about this post categories directly on your device, subscribe now.
Discussion about this post