ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കാനുള്ള കേരളത്തിന്റെ ശ്രമങ്ങളെ തച്ചുടച്ച് വീണ്ടും കേന്ദ്രസര്‍ക്കാര്‍. പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ പാരിസ്ഥിതികദ ആഘാത പഠനം നടത്താന്‍ കേരളത്തിന് അനുവാദം നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണ കുറിപ്പ് ഇറക്കി. പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അനുമതി നല്‍കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വനം പരിസ്ഥിതി മന്ത്രാലയത്തില്‍ വൈകിട്ട്് ചേര്‍ന്ന യോഗത്തിലാണ് വിശദീകരണ കുറിപ്പ് ഇറക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്. തമിഴ്‌നാടിന്റെ സമ്മര്‍ദമാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് സൂചന.
ഉച്ചയ്ക്കാണ് തമിഴ്‌നാടിന് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മാണവുമായി കേരളത്തിനു മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. അണക്കെട്ടു നിര്‍മിക്കാനുള്ള പാരിസ്ഥിതികാഘാത പഠനം നടത്താമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം കേരളത്തെ അറിയിച്ചിരുന്നു.
പുതിയ ഡാം നിര്‍മിക്കുന്നതും പരിസ്ഥിതി ആഘാത പഠനം നടത്തുന്നതും നിലവിലുള്ള കേസിനെ ബാധിക്കില്ലെന്നു കേന്ദ്രം വിലയിരുത്തി. ഡാമിനെക്കുറിച്ചു പഠിക്കുന്ന വിദഗ്ധസമിതിയാണ് അനുമതി നല്‍കിയത്. തുടര്‍നടപടികളുമായി മുന്നോട്ടുപോകാമെന്ന കേന്ദ്ര നിലപാട് വന്നതോടെ തമിഴ്‌നാട് കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി തുടങ്ങി. അതിന്റെ പരിണിത ഫലമാണ് മണിക്കൂറുകള്‍ക്കകം നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് വന്നത്. കേരളം പുതിയ അണക്കെട്ടു നിര്‍മിക്കുന്നതിനെതിരെ തമിഴ്‌നാട് കടുത്ത എതിര്‍പ്പാണ് ഉന്നയിച്ചിരുന്നത്.
കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്താണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തിയത്. പക്ഷേ, അണക്കെട്ടു നിര്‍മാണവുമായി മുന്നോട്ടുപോകാന്‍ കേരളത്തെ അനുവദിക്കില്ലെന്നായിരുന്നു തമിഴ്‌നാട് നിലപാട്. പുതിയ അണക്കെട്ട് നിര്‍മാണത്തിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പുതിയ അണക്കെട്ട് നിര്‍മാണത്തെ കുറിച്ച് പഠിക്കാന്‍ സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിച്ചത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post