ബാര്‍ കോഴ; മാണിക്കെതിരായ കേസ് നിലനില്‍ക്കില്ലെന്ന് നിയമോപദേശം

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ കെ.എം മാണിയെ രക്ഷിച്ച് വിജിലന്‍സിന് നിയമോപദേശം ലഭിച്ചതായി സൂചന. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിനാണ് നിയമോപദേശം നല്‍കിയത്. മാണിക്കെതിരായ കേസ് നിലനില്‍ക്കുന്നതല്ലെന്ന നിയമോപദേശമാണ് വിജിലന്‍സിന് ലീഗല്‍ അഡൈ്വസര്‍ നല്‍കിയത്. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് നിലനില്‍ക്കുന്നതല്ലെന്നാണ് നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ മാണിയെ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കും. നിയമോപദേശം വിജിലന്‍സ് എഡിജിപിക്ക് മുദ്രവച്ച കവറില്‍ കൈമാറി.

കേസില്‍ അന്വേഷണം പൂര്‍ത്തിയായതായി കഴിഞ്ഞയാഴ്ച വിജിലന്‍സ്, കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുകയാണെന്നും കുറ്റപത്രം ഉടന്‍ സമര്‍പിക്കാനാകുമെന്നും വിജിലന്‍സ് അറിയിച്ചിരുന്നു. എന്നാല്‍, നിയമോപദേശം തേടിയ ശേഷം മാത്രം മതി കുറ്റപത്രം തയ്യാറാക്കുന്നതെന്നായിരുന്നു വിജിലന്‍സില്‍ ഉണ്ടായ പൊതുധാരണ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്.

ഇതോടെ ബാര്‍ കോഴക്കേസ് കൂടുതല്‍ ദുര്‍ബലമാകും. മാണിക്ക് പണം കൈമാറുന്നത് കണ്ടെന്ന ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി സത്യമാണെന്ന് നുണപരിശോധനാ ഫലത്തിലും വ്യക്തമായിരുന്നതാണ്. എന്നാല്‍, ഇതൊന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ തെളിവായി സ്വീകരിച്ചില്ലെന്നുവേണം കരുതാന്‍. മതിയായ തെളിവില്ലാത്തതിനാല്‍ മാണിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ കേസെടുത്തില്ലെങ്കില്‍ ബാര്‍ കോഴക്കേസ് തേഞ്ഞുമാഞ്ഞു പോകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News