ന്യൂഡൽഹി: മാഗി ന്യൂഡിൽസിൽ രാസവസ്തുകളുടെ സാന്നിധ്യം അമിതമായി കണ്ടെത്തിയെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ഇന്ത്യയിലെ വിൽപന താത്കാലികമായി നിർത്തി വച്ചെന്ന് നെസ്‌ലെ അറിയിച്ചു.

മാഗി ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതല്ലെന്നും എന്നാൽ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് തൽക്കാലം ഇന്ത്യൻ വിപണിയിൽനിന്നു നൂഡിൽസ് പിൻവലിക്കുകയാണെന്ന് നെസ്‌ലെ പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡി കേന്ദ്രആരോഗ്യമന്ത്രാലയത്തോട് റിപ്പോർട്ട് തേടി.

ലെഡ്ഡിന്റെയും മോണോസോഡിയം ഗ്ലൂക്കോമേറ്റിന്റെയും അമിതതോത് കണ്ടെത്തിയതിനെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിൽ മാഗിയുടെ വിൽപ്പന നിരോധിച്ചിരുന്നു. ജമ്മു കാശ്മീർ, ഗുജറാത്ത്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഒരു മാസത്തേക്കും തമിഴ്‌നാട്ടിൽ മൂന്നു മാസത്തേയ്ക്കും ഡൽഹിയിൽ ഒരു മാസത്തേക്കും മാഗി നിരോധിച്ചിരുന്നു. സൈനിക കാന്റീനുകളിലും മാഗി നിരോധിച്ചിട്ടുണ്ട്. ബിഗ്ബസാറിൽ നിന്നും മാഗി നേരത്തെ പിൻവലിച്ചിരുന്നു.

മാഗിക്കെതിരെ സോഷ്യൽമീഡിയ വഴിയും വൻപ്രചാരണം നടന്നിരുന്നു. #Maggi, #Maggiban, #Maggiinasoup, #MaggiKeSideEffecst തുടങ്ങിയ ഹാഷ് ടാഗ് വഴിയാണ് ക്യാമ്പയിൻ നടന്നത്. രാജ്യത്തെ ന്യൂഡിൽസ് വിപണിയുടെ 80ശതമാനവും കയ്യടക്കിയിരുന്നത് മാഗിയായിരുന്നു.