എയര്‍ ഇന്ത്യക്കു നന്നാവാനും അറിയാം; ജീവന്റെ മിടിപ്പുമായി വിമാനം സമയത്തിനും മുമ്പേ പറന്നു

ചെന്നൈ: തല്ലേണ്ടമ്മാവാ ഞാന്‍ നന്നാവില്ലെന്നു ഓരോ സര്‍വീസിലും ആവര്‍ത്തിച്ചുറപ്പിക്കുന്ന എയര്‍ ഇന്ത്യയില്‍ നിന്ന് നല്ലൊരു വാര്‍ത്ത. ഒരു ജീവന്‍ രക്ഷിക്കാനുള്ള ദൗത്യം ഏറ്റെടുത്തപ്പോള്‍ എല്ലാ യാത്രക്കാരെയും കൃത്യമായി കയറ്റി, യാതൊരു പരാതിയുമില്ലാതെ വിമാനം സമയത്തിനും മുമ്പേ പറന്നു. മധുരയില്‍നിന്നു ചെന്നൈവഴി മുംബൈയിലേക്കുള്ള വിമാനമാണ് ജീവന്റെ മിടിപ്പുമായി പത്തൊമ്പതുമിനുട്ട് നേരത്തേ യാത്രചെയ്തത്.

കാര്‍ഡിയോ മയോപ്പതി എന്ന അതീവ ഗുരുതരരോഗം ബാധിച്ച പുനെ സ്വദേശിയായ നാല്‍പത്തെട്ടുവയസുകാരനു വച്ചുപിടിപ്പിക്കാനുള്ള ഹൃദയമാണ് ഉദ്വേഗത്തിന്റെ മുള്‍മുനയിലായ നിമിഷങ്ങളിലൂടെ ആകാശമാര്‍ഗം എത്തിച്ചത്. ചെന്നൈയിലെ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ഹൃദയം ലഭിക്കാനായി രാജ്യം മുഴുവന്‍ അന്വേഷണം നടക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം മധുയില്‍ വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ഇരുപത്തൊമ്പതുകാരന്റെ ഹൃദയവും വൃക്കകളും കണ്ണുകളും ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തയാറായി.

വിവരമറിഞ്ഞ ചെന്നൈ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അതിവേഗം ആകാശമാര്‍ഗം മധുരയിലെത്തി. മധുരയിലെ ആശുപത്രിയില്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ഹൃദയം വന്നതിനേക്കാള്‍ വേഗം ചെന്നൈയിലെത്തിക്കുകയായിരുന്നു അടുത്ത കടമ്പ. വിമാനം ലഭ്യമാണെന്നറിഞ്ഞ ഡോക്ടര്‍മാരുടെ സംഘം എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ടു. യാത്രക്കാരെയെല്ലാം കാര്യമറിയിച്ച എയര്‍ ഇന്ത്യ എല്ലാവരോടും സമയത്തിനും മുമ്പേ വിമാനത്താവളത്തില്‍ എത്താന്‍ ആവശ്യപ്പെട്ടു. ഡോക്ടര്‍മാര്‍ തയാറാവുന്ന നിമിഷം വിമാനം പുറപ്പെടാന്‍ സജ്ജമാണെന്ന് ആശുപത്രിയെയും അറിയിച്ചു.

ഒരു മണിക്കൂറോളം മുമ്പേ യാത്രക്കാര്‍ ബോര്‍ഡിംഗിന് തയാറായി. വിമാനം റണ്‍വേയില്‍ കാത്തുകിടന്നു. ‘ട്രാഫിക്’ സിനിമയിലെ ദൃശ്യങ്ങളുടെ ഒറിജിനലിനു സാക്ഷ്യം വഹിക്കുകയായിരുന്നു അപ്പോള്‍ മധുരയിലെ നിരത്തുകള്‍. മീനാക്ഷി അമ്മന്‍ ആശുപത്രിയില്‍നിന്നു പൊലീസ് ഒരുക്കിയ സുരക്ഷിതപാതയിലൂടെ ആംബുലന്‍സില്‍ ആശുപത്രിയില്‍നിന്നു ഡോക്ടര്‍മാര്‍ ഹൃദയവുമായി പാഞ്ഞു.

ജീവന്റെ മിടിപ്പുമായി പൊലീസ് അകമ്പടിയില്‍ എത്തിയ മെഡിക്കല്‍ സംഘത്തിന്റെ ആംബുലന്‍സ് യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ നേരേ ടാര്‍മാക്കിലേക്ക്. സമയം ഉച്ചയ്ക്ക് 1.42, ഹൃദയവുമായി പാഞ്ഞുവന്ന ഡോക്ടര്‍മാരെ കയറ്റി വാതിലടഞ്ഞതും സര്‍വസജ്ജമായിരുന്ന വിമാനം നിമിഷങ്ങള്‍ക്കുള്ളില്‍ റണ്‍വേയിലൂടെ കുതിച്ചു, പറന്നുയര്‍ന്നു. ഒരു മണിക്കൂര്‍ യാത്രയില്‍ വിമാനം ചെന്നൈയില്‍ ഇറങ്ങി. ഇവിടെയും എല്ലാ സൗകര്യവും എയര്‍ ഇന്ത്യ ഒരുക്കിയിരുന്നു. അതിവേഗം സുരക്ഷിതമായി ഹൃദയം വിമാനത്താവളത്തിനു പുറത്തേക്കും അവിടെനിന്ന് ആശുപത്രിയിലേക്കുമെത്തിച്ചു. ശസ്ത്രക്രിയക്കു ശേഷം രോഗി സുഖം പ്രാപിച്ചുവരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ച യുവാവിന്റെ വൃക്കകളും കണ്ണുകളും മധുരയിലെതന്നെ രണ്ടുപേര്‍ക്കാണ് ദാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel