മാഗി രാജ്യവ്യാപകമായി നിരോധിച്ചു; ഒന്‍പത് ഉല്‍പന്നങ്ങളും വിപണിയില്‍ നിന്ന് പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം

ന്യൂഡല്‍ഹി: രോഗിയാക്കും മാഗി ഇനി ഇന്ത്യയില്‍ ഉണ്ടാവില്ല. മാഗി രാജ്യവ്യാപകമായി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. മാഗിയുടെ ഒന്‍പത് ഉല്‍പന്നങ്ങളും ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാ്ന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം മാഗി ഇന്ത്യക്ക് നിര്‍ദേശം നല്‍കി. മാഗി ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ആരോഗ്യമന്ത്രി ജെ.പി നദ്ദ പറഞ്ഞു. മാഗി സുരക്ഷിതമാണെന്ന കമ്പനിയുടെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ മാഗിയുടെ ഉല്‍പന്നങ്ങള്‍ നിരോധിക്കാന്‍ തീരുമാനിച്ചത്.

മാഗി സുരക്ഷിതമായിരുന്നില്ലെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. മാഗിയുടെ ഇനിയുള്ള ഉല്‍പാദനം നിര്‍ത്തി വയ്ക്കാനും ഇറക്കുമതി നിര്‍ത്തി വയ്ക്കാനും അതോറിറ്റി മാഗിക്ക് നിര്‍ദേശം നല്‍കി. ഉടനടി നിര്‍മാണവും വില്‍പനയും നിര്‍ത്തി വയ്ക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളിലെ മൂന്ന് പ്രധാന നിര്‍ദേശങ്ങളും മാഗി ലംഘിച്ചതായി ഭക്ഷ്യസുരക്ഷാ അതോറിറ്റി അറിയിച്ചു. മൂന്ന് ദിവസങ്ങള്‍ക്കകം റിപ്പോര്‍ട്ട് സമര്‍പിക്കാനും ഭക്ഷ്യസുരക്ഷാ അതോറിറ്റി മാഗിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ വില്‍ക്കുന്ന മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന നിര്‍മാതാക്കളായ നെസ്‌ലേയുടെ അവകാശവാദം തള്ളിക്കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇന്ത്യയില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് മാഗിയില്‍ ചേര്‍ക്കാറില്ലെന്നും ഇന്ത്യയിലുണ്ടായ വിവാദം കമ്പനിയുടെയും മാഗിയുടെയും വിശ്വാസ്യതയ്ക്ക് ആഗോളതലത്തില്‍ ഇളക്കം തട്ടാന്‍ ഇടയാക്കിയെന്നും ഗ്ലോബല്‍ സിഇഒ പോള്‍ ബുള്‍ക്ക് ദില്ലിയില്‍ പറഞ്ഞു. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ വിപണിയിലുള്ളതും വിപണിയില്‍ ഇറക്കാന്‍ തയാറാക്കി വച്ചിരിക്കുന്നതുമായ നിരവധി ബാച്ച് മാഗി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഇന്നും ഇന്നലെയുമായി നിരവധി സംസ്ഥാനങ്ങള്‍ മാഗി നിരോധിച്ചിരുന്നു. മധ്യപ്രദേശ്, ദില്ലി, ഗുജറാത്ത്, ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് മാഗി വില്‍പന നിരോധിച്ചത്. ഇന്ത്യയിലെ സവിശേഷ സാഹചര്യത്തില്‍ ബ്രിട്ടനിലും മാഗി ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാന്‍ ഫുഡ് സ്റ്റാന്‍ഡാര്‍ഡ്‌സ് ഏജന്‍സി തീരുമാനിച്ചു. ഇന്ത്യയിലെ ലാബ് പരിശോധനാ റിപ്പോര്‍ട്ടുകളുടെ വെളിച്ചത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here