ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ വിപണിയില്‍ മികച്ച നേട്ടം കൊയ്ത വര്‍ഷമായിരുന്നു. ഈവര്‍ഷവും ഇന്ത്യന്‍ ചെറുകാര്‍ വിപണിയില്‍ സാന്നിധ്യം അറിയിക്കുകയാണ് ഹോണ്ട. ഹോണ്ട ബ്രയോ മാതൃകയില്‍ പുതിയ കോംപാക്ട് സ്‌പോര്‍ട്‌സ് യൂടിലിറ്റി കാര്‍ ഇന്ത്യയിലേക്കെത്തുന്നു. ടുഎസ്‌ജെ എന്ന് പേരിട്ടിരിക്കുന്ന കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് യൂണിറ്റുകള്‍ മാത്രമാണ് എത്തിച്ചിട്ടുള്ളത്. അടുത്ത വര്‍ഷത്തോടെ നിരത്തുകളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്.
നീളത്തില്‍ മറ്റു ഹോണ്ട കോംപാക്ട് കാറുകളേക്കാള്‍ അല്‍പം കുഞ്ഞനായിരിക്കും വരുന്ന ടുഎസ്‌ജെ കോംപാക്ട് എന്നാണ് അറിയുന്നത്. നാല് മീറ്ററായിരിക്കും നീളം. ഹോണ്ട മൊബിലിയോയുടെ വലുപ്പം. ഇപ്പോള്‍ നിരത്ത് കീഴടക്കിയിട്ടുള്ള റെനോള്‍ട് ഡസ്റ്റര്‍, നിസാന്‍ ടെറാനോ എന്നിവയുടെ നീളം 4.2 മീറ്ററാണ്. ബ്രയോയുടെ പ്ലാറ്റ്‌ഫോമില്‍ മൊബിലിയോ പുറത്തിറക്കിയ ഹോണ്ടയെ സംബന്ധിച്ച് മറ്റൊരു കോംപാക്ട് എസ്‌യുവി സൃഷ്ടിക്കുക അത്ര ബുദ്ധിമുട്ടാവില്ല.
ഏത് തരത്തിലായിരിക്കും കാറിന്റെ രൂപകല്‍പന എന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 2014 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച വിഷന്‍ എക്‌സഎസ് വണ്‍ കണ്‍സപ്റ്റിലായിരിക്കും കാര്‍ ഇറങ്ങുക എന്നാണ് ഊഹാപോഹങ്ങള്‍. പെട്രോള്‍, ഡീസല്‍ വേരിയന്റുകളില്‍ വാഹനം പുറത്തിറങ്ങും. 1.5 ലീറ്റര്‍ ഐ-വിടെക് പെട്രോള്‍ എഞ്ചിനും 1.5 ലീറ്റര്‍ ഐ-ഡിടെക് ഡീസല്‍ എഞ്ചിനും വാഹനത്തിന് കരുത്ത് പകരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here