സിപിഎം കേന്ദ്ര കമ്മറ്റി യോഗത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: സിപിഐഎം കേന്ദ്ര കമ്മറ്റി യോഗം ഇന്നും നാളെയുമായി ദില്ലിയിൽ ചേരും. പോളിറ്റ് ബ്യുറോ, കേന്ദ്ര കമ്മറ്റി അംഗങ്ങളുടെ ചുമതലകൾ നിശ്ചയിക്കുകയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും യോഗം ചർച്ച ചെയ്യും.

കഴിഞ്ഞ മാസം 17,18 തീയ്യതികളിൽ ചേർന്ന പോളിറ്റ് ബ്യൂറോ യോഗം പിബി, കേന്ദ്രകമ്മറ്റി അംഗങ്ങളുടെ ചുമതലകൾ സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. ചർച്ചകൾക്ക് ശേഷം പോളിറ്റ് ബ്യുറോ തയ്യാറാക്കിയ നിർദ്ദേശങ്ങൾ കേന്ദ്ര കമ്മറ്റിയിൽ അവതരിപ്പിക്കും. കേന്ദ്രകമ്മറ്റി ചർച്ചകൾക്ക് ശേഷം ഓരോ അംഗങ്ങൾക്കും ചുമതലകൾ വീതിച്ചു നൽകും. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രാഥമിക ചർച്ചകളാണ് യോഗത്തിന്റെ മറ്റൊരു അജണ്ടയെന്നും പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.

സംസ്ഥാനങ്ങളിലെ സംഘടനാ ചുമതല, വർഗ്ഗബഹുജന സംഘടനകളുടെ ചുമതല തുടങ്ങിയ കാര്യങ്ങളിലാണ് കേന്ദ്ര കമ്മറ്റി തീരുമാനമെടുക്കുക. നിലവിലെ രാഷ്ട്രീയ സാഹചര്യവും യോഗം വിലയിരുത്തും. വിശാഖപട്ടണത്ത് ചേർന്ന 21ാം പാർട്ടി കോൺഗ്രസ്സിനു ശേഷമുള്ള ആദ്യ കേന്ദ്രകമ്മറ്റി യോഗമാണ് രണ്ടു ദിവസങ്ങളിലായി ദില്ലിയിൽ ചേരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here