ദുബായ്: ഇനിമുതല്‍ അവാര്‍ഡുകള്‍ റോബോട്ടുകള്‍ക്കും ലഭിച്ചുതുടങ്ങും. യഥാര്‍ത്ഥ റോബോട്ടുകള്‍ക്കല്ല, റോബോട്ടുകളുടെ കണ്ടുപിടുത്തത്തിനാണെന്ന് മാത്രം. നല്ല നാളേക്കുള്ള റോബോട്ടുകളുടെ കണ്ടുപിടുത്തത്തിന് അവാര്‍ഡ് നല്‍കുന്ന പദ്ധതിക്ക് യുഎഇ തുടക്കമിട്ടു. യുഎഇ അല്‍&റോബോട്ടിക്‌സ് ഫോര്‍ ഗുഡ് അവാര്‍ഡിന്റെ ആദ്യ എഡിഷനിലെ അവാര്‍ഡുകള്‍ക്കായി നാളെ മുതല്‍ എന്‍ട്രികള്‍ സമര്‍പിക്കാം. വ്യക്തികള്‍ക്കും ടീമുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കമ്പനികള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാം. പത്ത് ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
കൃത്രിമോപകരണങ്ങളിലും റോബോട്ടുകളിലും അത്യാധുനികമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് അവാര്‍ഡ് ഏര്‍പെടുത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച ഗവേഷണങ്ങള്‍ക്കും ആശയങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്‍കപ്പെടും. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ നിലനില്‍ക്കുന്ന വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കുന്നതായിരിക്കണം കണ്ടുപിടുത്തങ്ങള്‍. ഇത്തരം ആശയങ്ങള്‍ യാഥാര്‍ത്ഥ്യത്തിലേക്കെത്തിക്കാനും പൊതുഅവബോധം നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ അവാര്‍ഡ് ഏര്‍പെടുത്തിയിട്ടുള്ളത്. ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരും സഹായം നല്‍കും.
2021ഓടെ ദുബായിയെ ലോകത്തെ ഏറ്റവും നവീന രാഷ്ട്രങ്ങളില്‍ ഒന്നാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബായ് സര്‍ക്കാര്‍ അവാര്‍ഡിന് തുടക്കമിട്ടിട്ടുള്ളത്. ഇത്തരം കൃത്രിമ ആശയങ്ങളും റോബോട്ടിക് പദ്ധതികളും ദുബായിയെ ശാസ്ത്ര സാമ്പത്തിക രംഗത്ത് വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നാണ് പ്രതീക്ഷയെന്ന് യുഎഇ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പറഞ്ഞു.
ഈവര്‍ഷം നവംബര്‍ ഒന്ന് വരെ ദേശീയ-അന്തര്‍ദേശീയ തല അവാര്‍ഡുകള്‍ക്കായി എന്‍ട്രികള്‍ ക്ഷണിക്കും. വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പിക്കേണ്ടത്. www.roboticsforgood.ae എന്ന വെബ്‌സൈറ്റില്‍ ആശയങ്ങളുടെ വിശദാംശങ്ങളും വീഡിയോകളും അടക്കം അപേക്ഷിക്കാം. ലോകമെമ്പാടുമുള്ള വിദഗ്ധര്‍ അടങ്ങിയ ജഡ്ജിംഗ് പാനല്‍ അപേക്ഷകള്‍ പരിശോധിച്ച ശേഷം ഓരോ വിഭാഗത്തില്‍ നിന്നുമുള്ള പത്ത് അപേക്ഷകള്‍ രണ്ടാം റൗണ്ടിലേക്ക് പരിഗണിക്കും. നവംബര്‍ 22ന് രണ്ടാംഘട്ടം പ്രഖ്യാപിക്കും.
രണ്ടാംഘട്ടം അഥവാ സെമിഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അപേക്ഷകരെ ദുബായിലേക്ക് ക്ഷണിക്കും. ഇവര്‍ തങ്ങളുടെ ആശയങ്ങളുടെ പ്രവര്‍ത്തന ക്ഷമമായ മാതൃക ജഡ്ജിംഗ് പാനലിന് മുന്നില്‍ അവതരിപ്പിക്കുകയും തത്സമയ വിവരണം നല്‍കുകയും വേണം. റോബോട്ടിക് സാങ്കേതിക വിദ്യയില്‍ അഗ്രഗണ്യരായ ആളുകളായിരിക്കും ജഡ്ജിംഗ് പാനലില്‍ ഉണ്ടാവുക. പ്രവര്‍ത്തനക്ഷമമായ മാതൃകകള്‍ അവതരിപ്പിക്കാന്‍ പറ്റുന്നതായിരിക്കണം അപേക്ഷകള്‍ എന്ന് നിര്‍ബന്ധമുണ്ട്. നിലവിലുള്ളതിനെ നവീകരിക്കാന്‍ പറ്റുന്ന ആശയങ്ങള്‍ കൈമാറുന്നവയുമായിരിക്കണം. വേള്‍ഡ് എകണോമിക് ഫോറവുമായി സഹകരിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാനാണ് ഈ ആശയം മുന്നോട്ട് വച്ചത്.
Get real time update about this post categories directly on your device, subscribe now.
Discussion about this post