ഇന്ത്യ- എ, അണ്ടര്‍ 19 ടീമുകളെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കും

മുംബൈ: ഇന്ത്യന്‍ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി മുന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ ബിസിസിഐ നിയമിച്ചു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ദ്രാവിഡിനെ എ ടീമിന്റെയും അണ്ടര്‍ 19 ടീമിന്റെയും പരിശീലകനായി നിയമിച്ചത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന യോഗത്തില്‍ ദ്രാവിഡിനോട് പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നു. തീരുമാനത്തോട് ദ്രാവിഡ് സമ്മതം പ്രകടിപ്പിച്ചതോടെയാണ് ബിസിസിഐ തീരുമാനം.

അണ്ടര്‍ 19 ലോകകപ്പ് അടുത്ത വര്‍ഷം ആരംഭിക്കാനിരിക്കെ എ ടീം വിവിധ രാഷ്ട്രങ്ങളില്‍ പരമ്പര കളിക്കാനായി സന്ദര്‍ശിക്കും. ഈ ടീമിനോടൊപ്പം ദ്രാവിഡും ഉണ്ടാകുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് ഥാക്കൂര്‍ അറിയിച്ചു. എന്നാല്‍, സീനിയര്‍ ടീമിന്റെ പരിശീലകസ്ഥാനം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. ബംഗ്ലാദേശ് പര്യടനത്തില്‍ രവി ശാസ്ത്രി ഇന്ത്യയെ പരിശീലപ്പിക്കുമെങ്കിലും അതിനുശേഷം പരിശീലകസ്ഥാനം ആര് ഏറ്റെടുക്കുമെന്നത് സംബന്ധിച്ചാണ് തീരുമാനമാകാത്തത്. ഇക്കാര്യത്തില്‍ സച്ചിനും ഗാംഗുലിയും അടങ്ങുന്ന ഉപദേശക സമിതിയുടെ ഉപദേശം തേടിയിട്ടുണ്ട്.

42 വയസ്സുള്ള രാഹുല്‍ ദ്രാവിഡ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് താരമായിരുന്നു. 164 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 13,288 റണ്‍സാണ് ദ്രാവിഡ് നേടിയിട്ടുള്ളത്. 344 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 10,899 റണ്‍സ് അടിച്ചുകൂട്ടി. നേരത്തെ ദ്രാവിഡിന്റെ പേര് സീനിയര്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് പറഞ്ഞു കേട്ടിരുന്നെങ്കിലും ദ്രാവിഡ് സ്വയം ഒഴിവാകുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here