ജയലളിതയുടെ സമ്പാദ്യത്തില്‍ നാലുവര്‍ഷം കൊണ്ട് ഇരട്ടി വര്‍ധന

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ സ്വത്ത് നാലു വര്‍ഷത്തിനിടെ ഇരട്ടിയായി വര്‍ധിച്ചു. ചെന്നൈ ഡോ. രാധാകൃഷ്ണന്‍ നഗര്‍ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമായത്. 2011-ല്‍ 51.40 കോടി സ്വത്തുണ്ടായിരുന്ന ജയയ്ക്ക് ഇപ്പോള്‍ 117.13 കോടിയുടെ സമ്പാദ്യമുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്.

2011-ല്‍ ശ്രീരംഗത്തു മത്സരിക്കാനുള്ള നാമനിര്‍ദേശപത്രികയോടൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തനിക്ക് 51.40 കോടി രൂപയുടെ സ്വത്തുണ്ടെന്നായിരുന്നു ജയലളിതയുടെ വെളിപ്പെടുത്തല്‍. ചെന്നൈയിലെ വസതിയായ പോയസ് ഗാര്‍ഡനാണ് സ്വത്തിന്റെ ഭൂരിപങ്കും വിലമതിക്കുന്നത്. 21662 ചതുരശ്ര അടിയിലായി വ്യാപിച്ചുകിടക്കുന്ന പോയസ് ഗാര്‍ഡന് 43.96കോടി രൂപ വിലമതിക്കുമെന്നാണ് സത്യവാങ്മൂലം വെളിപ്പെടുത്തുന്നത്. 1967-ല്‍ 1.32 ലക്ഷത്തിനാണ് പോയസ് ഗാര്‍ഡന്‍ ജയ സ്വന്തമാക്കിയത്.

9.80 കോടി രൂപയുടെ നിക്ഷേപം വിവിധ ബാങ്കുകളിലായുണ്ടെന്നും ഇരുപത്തഞ്ചു പേജുള്ള സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. ജയ പബ്ലിക്കേഷന്‍സ്, കോടനാട്് എസ്‌റ്റേറ്റ് തുടങ്ങി അഞ്ചു സ്ഥാപനങ്ങളിലെ പാര്‍ട്ണര്‍ഷിപ്പ് ഇനത്തില്‍ 31.68 കോടി രൂപയുടെ നിക്ഷേപമുണ്ട്. 42.25ലക്ഷം രൂപയുടെ വാഹനങ്ങളുടെയും ഉടമയാണ്. 21 കിലോ 280 ഗ്രാം സ്വര്‍ണവും 1250 കിലോ വെള്ളിയും കൈവശമുണ്ട്. ഇവ അനധികൃത സ്വത്തുസമ്പാദനക്കേസിന്റെ ഭാഗമായി കണ്ടുകെട്ടി കര്‍ണാടക സര്‍ക്കാരിന്റെ പക്കലാണുള്ളത്. ഇവയുടെ വില കണക്കാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

തനിക്ക് ആശ്രിതരൊന്നുമില്ലെന്നും ജയലളിത വ്യക്തമാക്കുന്നു. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശ്രീരംഗത്തു മത്സരിച്ച ജയക്ക് അനധികൃത സ്വത്തു സമ്പാദനക്കേസില്‍ ബംഗളുരുവിലെ പ്രത്യേക വിചാരണക്കോടതി കുറ്റക്കാരിയാണെന്നു കണ്ടെത്തി ശിക്ഷിച്ചതിനെത്തുടര്‍ന്നാണ് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായത്. പിന്നീട് കര്‍ണാടക ഹൈക്കോടതി ജയയെ കുറ്റവിമുക്തയാക്കിയതോടെ മുഖ്യമന്ത്രിസ്ഥാനത്തു തിരിച്ചെത്തുകയായിരുന്നു. നിയമസഭാംഗമാകണമെന്നതിനാല്‍ ഡോ. രാധാകൃഷ്ണന്‍ നഗറിലെ എംഎല്‍എ യെ രാജിവപ്പിച്ചാണ് ജയ മത്സരിക്കുന്നത്. ഈ മാസം ഇരുപത്തേഴിനാണ് തെഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here