മെലിയാനുള്ള ശസ്ത്രക്രിയക്കിടെ തെലുങ്കുനടി മരിച്ചു

ന്യൂജഴ്‌സി: മെലിയാനുള്ള ശസ്ത്രക്രിയക്കിടെ തെലുങ്കുനടി അമേരിക്കയിലെ ആശുപത്രിയില്‍ മരിച്ചു. തെലുങ്കു യുവനടി ആരതി അഗര്‍വാളാണ് മരിച്ചത്. ശസ്ത്രക്രിയ പരാജയമായിരുന്നു. എന്നാല്‍, പിന്നീട് ഹൃദയാഘാതത്തെ തുടര്‍ന്നാണ് നടി മരിച്ചത്. ആരതിയുടെ പുതിയ ചിത്രം രണം 2 റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസമാണ് നടിയുടെ മരണം.

31കാരിയായ ആരതി അമിതവണ്ണം മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുകയും ശ്വാസകോശ സംബന്ധമായ അസുഖം അവരെ വലയ്ക്കുകയും ചെയ്തിരുന്നതായി ആരതിയുടെ മാനേജര്‍ പറഞ്ഞു. ഇതേതുടര്‍ന്നാണ് വണ്ണം കുറയ്ക്കാനുള്ള ചികിത്സയ്ക്കായി ന്യൂജഴ്‌സിയിലേക്ക് വണ്ടി കയറിയത്. ചികിത്സ പുരോഗമിക്കവെ, ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നെന്നാണ് വിശദീകരണം.

കുറച്ച് വര്‍ഷങ്ങളായി ആസ്ത്മയുടെ ചികിത്സയിലായിരുന്നു ആരതി. ഒരുമാസം മുമ്പാണ് മെലിയാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായത്. എന്നാല്‍, ഇതിനുശേഷം ശ്വാസതടസ്സം അനുഭവപ്പെട്ടു. ഇതിനുള്ള ചികിത്സ നടന്നു കൊണ്ടിരിക്കവെയാണ് മരണം സംഭവിച്ചത്.

25-ല്‍ അധികം ചിത്രങ്ങളില്‍ ആരതി അഭിനയിച്ചിട്ടുണ്ട്. 2001-ല്‍ നുവ്വു നാകു നച്ചാവ് എന്ന തെലുങ്കു ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. നുവ്വു ലേക നേനു ലേനു, ഇന്ദ്ര, വസന്തം തുടങ്ങി നിരവധി ഹിറ്റ് തെലുങ്കു ചിത്രങ്ങളില്‍ അഭിനയിച്ചു. ചിരഞ്ജീവി, വെങ്കിടേഷ്, നാഗാര്‍ജുന തുടങ്ങി അതിപ്രശസ്ത തെലുങ്കു നായകന്‍മാരുടെ എല്ലാം കൂടെ ആരതി അഭിനയിച്ചിട്ടുണ്ട്. ഒരു സഹനടനുമായുള്ള ബന്ധം തകര്‍ന്നതിനെ തുടര്‍ന്ന് ആരതി 2005-ല്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News