സിയോള്‍: ലോകത്തെ ഒരിക്കല്‍ കൂടി മെര്‍സ് വൈറസ് ഭീതിയിലാഴ്ത്തി വൈറസ് പടരുന്നു. ദക്ഷിണ കൊറിയയില്‍ മാത്രം ഇതുവരെ അഞ്ച് പേരാണ് മെര്‍സ് വൈറസ് ബാധിച്ച് മരിച്ചത്. അഞ്ചാമത്തെയാളുടെ മരണം സര്‍ക്കാര്‍ ഇന്ന് സ്ഥിരീകരിച്ചു. ഇതുവരെ 64 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് അവസാനവാരം മുതലാണ് ആളുകളില്‍ മെര്‍സ് പടരുന്നതായി കണ്ടെത്തിയത്.
നൂറുകണക്കിന് സ്‌കൂളുകള്‍ ഇതുവരെയായി ദക്ഷിണ കൊറിയയില്‍ അടച്ചുപൂട്ടിയിട്ടുണ്ട്. എന്നാല്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആക്ടിംഗ് പ്രധാനമന്ത്രി ചോയ് ക്യുംഗ് അറിയിച്ചു. ആശുപത്രി കേന്ദ്രീകരിച്ചാണ് രോഗം പടരുന്നത്. മറ്റിടങ്ങളില്‍ നിന്നൊന്നും രോഗബാധ ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. രോഗബാധിതരുമായി അടുത്തിടപഴകുന്നതിലൂടെ മാത്രമേ രോഗം പടരൂ എന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. അല്ലാതെ മറ്റു വാക്‌സിനുകള്‍ ഒന്നും ഇതിന് കണ്ടെത്തിയിട്ടില്ല.
മെര്‍സ് ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ള 24 ആശുപത്രികളുടെ പേരുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. രോഗവിവരം സ്ഥിരീകരിച്ച ശേഷം മാത്രമേ ആശുപത്രിയുടെ പേരുകള്‍ പുറത്തുപറയൂ എന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചിരുന്ന നിലപാട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here