സരബ്ജിത് സിംഗിന്റെ ജീവിതകഥയില്‍ ഐശ്വര്യ റായ് നായികയാകുന്നു

മുംബൈ: ഭീകരവാദിയെന്ന് മുദ്രകുത്തപ്പെട്ട് പാകിസ്താനില്‍ തടവില്‍ കഴിയുകയും പിന്നീട് തടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി മരിക്കുകയും ചെയ്ത ഇന്ത്യക്കാരനായ സരബ്ജിത് സിംഗിന്റെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ ഐശ്വര്യാ റായിയും. സരബ്ജിത് സിംഗിന്റെ സഹോദരി ദല്‍ബീര്‍ കൗറിന്റെ വേഷമാണ് ചിത്രത്തില്‍ ഐശ്വര്യാ റായ്ക്ക്. മേരികോം ഒരുക്കിയ ഒമുംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സരബ്ജിതിന്റെ മോചനത്തിനായി പരിശ്രമിക്കുന്ന ദല്‍ബീര്‍ കൗറിനെയാണ് ചിത്രത്തില്‍ ഐശ്വര്യ അവതരിപ്പിക്കുന്നത്. ഏത് സാഹചര്യത്തിലും മനസ് പതറാത്ത ശക്തമായ കഥാപാത്രമാണ് ദല്‍ബീര്‍ കൗര്‍. കഥാപാത്രത്തിന് യോജിച്ചത് ഐശ്വര്യ മാത്രമാണെന്ന് തോന്നിയത് കൊണ്ടാണ് ഐശ്വര്യയെ തന്നെ തെരഞ്ഞെടുത്തതെന്ന് നിര്‍മാതാവ് സന്ദീപ് സിംഗ് പറഞ്ഞു. മുന്‍ചിത്രങ്ങളിലെല്ലാം അസാമാന്യ പ്രകടനമാണ് ഐശ്വര്യ കാഴ്ചവച്ചതെന്നും സന്ദീപ് സിംഗ് പറഞ്ഞു.

ഭീകരവാദവും ചാരപ്രവര്‍ത്തനവും ആരോപിച്ച് 1991-ലാണ് പാകിസ്താന്‍ കോടതി സരബ്ജിത് സിംഗിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഏറെക്കാലം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ വധശിക്ഷ നടപ്പാക്കുന്നത് 2008-ല്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു. സരബ്ജിതിന്റഘെ സഹോദരി ദല്‍ബീര്‍ കൗറായിരുന്നു നിയമപോരാട്ടം നയിച്ചിരുന്നത്. എന്നാല്‍, 2013-ല്‍ സഹതടവുകാരുടെ ക്രൂരമര്‍ദനത്തിനിരയായി സരബ്ജിത് കൊല്ലപ്പെടുകയായിരുന്നു.

ബോക്‌സിംഗ് ചാമ്പ്യയായ മേരികോമിന്റെ ജീവിതകഥ പറഞ്ഞ മേരികോം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഒമുംഗ് കുമാര്‍. മേരികോമിന് ശേഷമാണ് ജീവചരിത്രങ്ങളാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞതെന്ന് ഒമുംഗ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here