മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയുടെ നിരോധനം പിൻവലിച്ചു

ചെന്നൈ: മദ്രാസ് ഐഐടിയിലെ വിദ്യാർത്ഥി കൂട്ടായ്മയ്ക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. അംബേദ്കർ പെരിയോർ സ്റ്റഡി സർക്കിളിന്റെ നിരോധനമാണ് കടുത്ത പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ചത്. ഐഐടി അധികൃതരും അംബേദ്കർ പെരിയോർ സ്റ്റഡി സർക്കിൾ പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഐഐടിയിൽ എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും പ്രവേശനമുണ്ടെന്ന് ചർച്ചയ്ക്ക് ശേഷം ഡയറക്ടർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും കേന്ദ്രസർക്കാരിനെയും വിമർശിച്ചുവെന്ന് ആരോപിച്ചാണ് കൂട്ടായ്മയ്ക്ക് ഐഐടി അധികൃതർ നിരോധനമേർപ്പെടുത്തിയത്. ഹിന്ദി ഭാഷ പ്രചാരണം, ഗോവധ നിരോധനം, പ്രധാനമന്ത്രിയുടെ വിദേശയാത്ര, സാമ്പത്തിക നയം തുടങ്ങിയ വിഷയങ്ങളിലാണ് കൂട്ടായ്മ വിമർശനമുന്നയിച്ചത്.

കേന്ദ്ര മാനവവിഭവ മന്ത്രാലയത്തിനു ലഭിച്ച അജ്ഞാത സന്ദേശത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനു ശേഷമാണ് സംഘടനയ്ക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. മോഡിയെയും നയങ്ങളെയും വിമർശിച്ചുള്ള സംഘടനയുടെ ലഘുലേഖയുടെ പകർപ്പും മന്ത്രാലയത്തിന് ലഭിച്ചിരുന്നു. കേന്ദ്രസർക്കാരിന്റെ നടപടിക്കെതിരെ ഐഐടിയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

2014 ഏപ്രിൽ 14നാണ് അംബേദ്കർ പെരിയോർ സ്റ്റുഡന്റ് സർക്കിൾ നിലവിൽ വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News