ബാർ കോഴ; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: ബാർ കോഴക്കേസിൽ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മന്ത്രിമാരായ കെ.ബാബുവും കെ.എം മാണിയും പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് മാണി സഭയിൽ പറഞ്ഞു. അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി

ബാർ കോഴ കേസ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നുവെന്ന് കാണിച്ച് കോടിയേരി ബാലകൃഷ്ണനാണ് പ്രമേയത്തിന് നോട്ടീസ് നൽകിയത്. ബാർ കോഴ കേസിൽ മന്ത്രി കെഎം മാണിക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നത് സർക്കാർ അട്ടിമറിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

മാണിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണം. അമ്പിളി അതിന് തയ്യാറായിട്ടുണ്ടെങ്കിൽ മാണിക്കെന്ത് കൊണ്ട് പറ്റില്ലെന്നും പ്രതിപക്ഷം പറഞ്ഞു. മന്ത്രി കെ.ബാബുവിനെതിരെയുള്ള അന്വേഷണവും സംസ്ഥാന സർക്കാർ അട്ടിമറിച്ചു. മാണിക്ക് ഒരു നിയമം, ബാബുവിന് മറ്റൊരു നിയമവുമെന്ന അവസ്ഥയിലാണ് കാര്യങ്ങളെന്ന് കോടിയേരി സഭയിൽ പറഞ്ഞു. നിയമസഭാ ചർച്ചകളിൽ മാണിയോട് സഹകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

ബാർ കോഴ കേസിൽ അന്വേഷണം പൂർത്തിയായിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കുറ്റപത്രം സമർപ്പിക്കുന്ന കാര്യം അന്വേഷണം സംഘം തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here