ദില്ലി:നെസ്‌ലെ മാഗിക്ക് പിന്നാലെ മറ്റ് നൂഡിൽസ് ബ്രാൻഡുകൾക്കെതിരെയും നടപടിയുമായി കേന്ദ്ര ഭക്ഷ്യസുരക്ഷാ വിഭാഗം. ഐടിസിയുടെ നൂഡിൽസ്, പാസ്ത, മക്രോണി എന്നിവയുടെ സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കാൻ കേന്ദ്രം തീരുമാനിച്ചു. ഹാനികരമായ രാസവസ്തുക്കൾ കണ്ടെത്താൻ പ്രത്യേക പരിശോധനകൾ വേണമെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം നിർദ്ദേശിച്ചു.

ലെഡിന്റെയും എംഎസ്ജിയുടെയും അമിതോത് കണ്ടെത്തിയതിനെ തുടർന്നാണ് മാഗി നൂഡിൽസിന് രാജ്യത്ത് നിരോധനമേർപ്പെടുത്തിയത്. 2.5പിപിഎം ലെഡ് മാത്രമാണ് മാഗിയിൽ ചേർക്കാൻ അനുവാദമുള്ളു. എന്നാൽ ഇന്ത്യയിലെ സാമ്പിളുകളിൽ 2.8പിപിഎം മുതൽ 5പിപിഎം വരെ കണ്ടെത്തിയിരുന്നു. നെസ്‌ലെയുടെ ഇന്ത്യൻ യൂണിറ്റുകളിൽ നിർമ്മിക്കുന്ന മാഗിക്ക് ഗൾഫ് രാജ്യങ്ങളിലും നിരോധനമേർപ്പെടുത്തിയിരുന്നു.

വിഷമയമായ പച്ചക്കറികൾ വിപണിയിലെത്തുന്നത് തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ സംസ്ഥാന സർക്കാരും തീരുമാനിച്ചിട്ടുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പച്ചക്കറി ലോറികൾ അതിർത്തിയിൽ വച്ച് പരിശോധന നടത്തിയ ശേഷം മാത്രമായിരിക്കും കേരളത്തിൽ കടത്തി വിടുക .