തീന്‍മേശയിലെ ദുരന്തം

രണ്ടു മിനിട്ടുകള്‍ ഇത് വരേയ്ക്കും ജീവിതത്തിനു സമ്മാനിച്ച സൌഭാഗ്യങ്ങളെ കുറിച്ച് അവളോര്‍ത്തു….!

തിളയ്ക്കുന്ന വെള്ളത്തില്‍ വേര്‍പെടുന്ന നൂലാമാലകള്‍….
വെളുത്ത മണ്ണിരയുടെ അംഗൊപാംഗ ലാസ്യ വിലാസം പോലെ…!
കുട്ടികള്‍ മണം പിടിച്ചു അപ്പോഴേക്കും ഓടിയെത്തും… ! പിന്നെയവള്‍ മാധുരി ദീക്ഷിത് ആവും…!
അച്ഛനുണ്ടെങ്കില്‍ അമിതാഭ് ബച്ചനും…!

പിന്നെ കുട്ടികളോടൊപ്പം തീന്‍ മേശക്കു ചുറ്റും ആടും പാടും….!
അതിനിടയില്‍ ‘രാജകുമാരി ‘ എന്ന പ്രത്യേക പേരുള്ള മകളോട് അവള്‍ ചോദിക്കും …
വാട്ട് ഈസ് യുവര്‍ ലൈഫ് ‘മോട്ടോ’ …? മകള്‍ പറയും ‘ അജിനോ മോട്ടോ’….!

വയറ്റിലും, ലഞ്ച് ബൊക്‌സിലും മോണോ സോഡിയം ഗ്ലൂട്ടാ മൈറ്റ് നിറച്ചു
കുട്ടികള്‍ സ്‌കൂളില്‍ പോകുന്ന ആ കാഴ്ച്ചയുണ്ടല്ലോ….
എന്റെ പോന്നു സാറേ… അപ്പോള്‍ സന്തോഷം കൊണ്ട് അവള്‍ക്കു ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റൂല്ല…!

വൈകിട്ടും അതെ ചൂണ്ടയില്‍ മണ്ണിര കൊളുത്തി അവള്‍ കുട്ടികളുടെ കരള്‍ കവരും…!

ഇനിയാ രണ്ടു മിനുട്ടിന്റെ മാസ്മരികത അവളുടെ ജീവിതത്തിലില്ല…!
അതി രാവിലെ എഴുന്നേല്‍ക്കണം… ചപ്പാത്തി പരത്തണം, അല്ലെങ്കില്‍ മാവരക്കണം, പച്ചക്കറി അരിയണം, ചമ്മന്തി ഉണ്ടാക്കണം…
ദൈവമേ…. എനിക്കെന്തിനീ വിധി…..!
ഒന്നും മറക്കാന്‍ കഴിയുന്നില്ല… !

മുത്തശ്ശന്‍ പറയുമായിരുന്ന ഒരു ഉപനിഷദ് മന്ത്രം മാത്രം അവളോര്‍ത്തു…. ‘തേന ത്യക്തേന ബുന്‍ജീഥാ’… !
അതെ… അനുഭവിച്ചവര്‍ക്കേ പരിത്യജിക്കാനുള്ള അര്‍ഹതയുള്ളൂ….!

ദുഃഖം സഹിക്ക വയ്യാതെ അവള്‍ ഇറങ്ങിനടന്നു… ഒരു പാട് ദൂരം … വഴികളും പുഴകളും താണ്ടി….
പിന്നെ പ്രകൃതിയുടെ വിജനമായ ശയ്യാ തലങ്ങളിലോന്നില്‍ കിടന്ന് , അവള്‍ ഉറക്കെയുറക്കെ തേങ്ങി….

ഐ മിസ്സ് യൂ …… മാഗി നൂഡില്‍സ്…….! ഐ മിസ്സ് യൂ … ട്ടെറിബ്ലി…….!

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here