കളമശ്ശേരി ഭൂമിതട്ടിപ്പ്; സൂരജിന്റെ നുണപരിശോധനാ അപേക്ഷ കോടതി തള്ളി; കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക്

കൊച്ചി: കളമശ്ശേരി ഭൂമിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നുണപരിശോധനയ്ക്ക് തയ്യാറാണെന്ന മുന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ടി.ഒ സൂരജിന്റെ അപേക്ഷ കോടതി നിരസിച്ചു. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സൂരജിന്റെ അപേക്ഷ നിരസിച്ചത്. വ്യക്തിഗതമായല്ല നുണപരിശോധനയ്ക്ക് സമീപിക്കേണ്ടതെന്ന് കോടതി പറഞ്ഞു. സ്വന്തമായല്ല അപേക്ഷ സമര്‍പിക്കേണ്ടതെന്നും അന്വേഷണോദ്യോഗസ്ഥരാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് അപേക്ഷ കോടതി നിരസിച്ചത്. അന്വേഷണോദ്യോഗസ്ഥര്‍ മുഖാന്തിരം അപേക്ഷ സമര്‍പ്പിക്കാനും കോടതി അറിയിച്ചു. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം 11ലേക്ക് മാറ്റി.

അതേസമയം, കേസില്‍ വാദം കേള്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് കോടതി മാധ്യമങ്ങളെ വിലക്കി. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നാണ് മാധ്യമങ്ങളെ കോടതി വിലക്കിയത്. കോടതി മുറിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. കേസുമായി ബന്ധപ്പെട്ടവര്‍ മാത്രം കോടതി മുറിയില്‍ നിന്നാല്‍ മതിയെന്ന് കോടതി അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here