ഉറ്റവരില്ലെങ്കിലും സോംബരിക്ക് പഠിക്കണം; ജീവനോപാധി വിറകുശേഖരണം

സോംബാരി സബര്‍ എന്ന പതിനൊന്നുകാരിക്ക് ഉറ്റവരാരുമില്ല. തീര്‍ത്തും അനാഥ. ജീവിക്കുന്നത് ഒറ്റയ്ക്ക് ഒരുവീട്ടില്‍. വിറകുവിറ്റിട്ടാണ് ജീവിക്കാനുള്ള വക കണ്ടെത്തുന്നത്. എന്നിട്ടും സോംബരി ഒരു ക്ലാസ് പോലും മുടക്കാറില്ല. എല്ലാവരും ഉണ്ടായിട്ടും ജീവിത സുഖസൗകര്യങ്ങള്‍ ഏറെയുണ്ടായിട്ടും എന്തിനോടും മടികാണിക്കുന്ന നമുക്ക് മാതൃകയാണ് ഈ കൗമാരക്കാരി.

SOMBARI-nn

അച്ഛന്റെ സ്വപ്‌നം സാക്ഷാത്കരിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സോംബരി പറയുന്നു. സോംബരിയെ പഠിപ്പിച്ച് വലിയ ആളാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം. ഝാര്‍ഖണ്ഡിലെ സിങ്ഭം ജില്ലയില് ദുമുരിയ ബ്ലോക്കിലെ ആസ്തക്‌വാലിയിലാണ് സോംബരിയുടെ താമസം. ഇതുവരെ വൈദ്യുതിയുടെ വെളിച്ചം തൊട്ടിട്ടില്ല സോംബരിയുടെ വീട്ടില്‍. ഒരു മണ്ണെണ്ണ വിളക്ക് പോലും ഇല്ല. അച്ഛന്റെ ശ്രാദ്ധദിനം അടുത്തുവരുന്നു. അന്നേദിവസം സോംബരിക്ക് വിറകുശേഖരിക്കാന്‍ പോകാനും സാധിക്കില്ല.

വളരെ ചെറുപ്പത്തില്‍ തന്നെ സോംബരിക്ക് മാതാവിനെ നഷ്ടപ്പെട്ടു. ഒരുമാസം മുമ്പ് അച്ഛനും മരിച്ചു. ബന്ധുക്കളാരും ഒറ്റയ്ക്കായിപ്പോയ സോംബരിയെ സഹായിക്കാനെത്തിയില്ല. പകുതി പണി പൂര്‍ത്തിയായ ജീര്‍ണിച്ച വീട്ടില്‍ സോംബരി ഒറ്റയ്ക്ക് താമസം തുടങ്ങി. ജിവിക്കാന്‍ മാര്‍ഗം ഇല്ലാതായപ്പോള്‍ വിറക് ശേഖരിച്ച് വില്‍ക്കാന്‍ തുടങ്ങി. അപ്പോഴും വിദ്യാഭ്യാസം ഉപേക്ഷിക്കാന്‍ തയ്യാറല്ലായിരുന്ന സോംബരി എന്നും കൃത്യമായി സ്‌കൂളിലെത്തുന്നുണ്ടെന്ന് അധ്യാപകനായ അനില്‍ റായ് പറയുന്നു. ഇപ്പോള്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സോംബരി ഇതുവരെ ക്ലാസ് പോലും മുടക്കിയിട്ടില്ലെന്ന് അധ്യാപകന്‍ അത്ഭുതത്തോടെ ഓര്‍ക്കുന്നുണ്ട്.

സ്‌കൂളിലെ അധ്യാപകരില്‍ നിന്നും വിവരമറിഞ്ഞ പല സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളും സോംബരിയെ സഹായിക്കാനായി മുന്നോട്ട് വന്നു. പലരും സോംബരിയെ ദത്തെടുക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. ടാറ്റാ സ്റ്റീല്‍, ആനന്ദ മാര്‍ഗ് ആശ്രമം, സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ജംഷഡ്പൂര്‍ ബ്രാഞ്ച്, ഒരു അധ്യാപക ദമ്പതികള്‍ തുടങ്ങി പലരും ദത്തെടുക്കാന്‍ സന്നദ്ധത അറിയിച്ച് രംഗത്തെത്തി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സോംബരിയെ സന്ദര്‍ശിച്ച ശേഷമാകും ആര്‍ക്ക് ദത്ത് നല്‍കണമെന്ന് തീരുമാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News