സോണിയാഗാന്ധി വിളിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന്

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി വിളിച്ചുചേര്‍ത്ത കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് ദില്ലിയില്‍ ചേരും. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സോണിയാഗാന്ധി യോഗം വിളിച്ചത്. കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും യോഗത്തില്‍ പങ്കെടുക്കുന്നതിനായി ദില്ലിയിലെത്തിയിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിനു ശേഷം ആദ്യമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ യോഗം ചേരുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന നേതാക്കളും യോഗത്തിനെത്തും.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളത്തിലും അസമിലും സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കുകയാണ് യോഗത്തിന്റെ മുഖ്യഅജണ്ട. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ നടത്തേണ്ട പ്രക്ഷോഭങ്ങള്‍ക്ക് യോഗം രൂപം നല്‍കും. ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ എല്ലാ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ സംബന്ധിച്ച് യോഗം തീരുമാനമെടുക്കും. തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനങ്ങളില്‍ കൂടുതല്‍ ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാനും ക്ഷേമ പെന്‍ഷനുകള്‍ അടിയന്തിരമായി കൊടുത്തു തീര്‍ക്കാനും കേന്ദ്രനേതൃത്വം മുഖ്യമന്ത്രിമാരോട് ആവശ്യപ്പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News