പൊലീസുകാരന്റെ അടിയേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ചപോയി

കോഴിക്കോട്: സിവില്‍ പൊലീസ് ഓഫീസറുടെ അടിയേറ്റ വിദ്യാര്‍ത്ഥിയുടെ കാഴ്ച തകരാറിലായി. കഴിഞ്ഞ ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന എസ്എഫ്‌ഐ മാര്‍ച്ചിനിടെയാണ് വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ ലാത്തികൊണ്ടുള്ള കുത്തേറ്റത്. കണ്ണിന് ഗുരുതര പരുക്കേറ്റ സുരാജ് ഇപ്പോള്‍ കോയമ്പത്തൂരില്‍ വിദഗ്ധ ചികിത്സയിലാണ്.

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് മാര്‍ച്ച് നടത്തിയത്. സമാധാനപരമായി നടന്ന മാര്‍ച്ച് സിന്‍ഡിക്കേറ്റ് യോഗ ഹാളിന് മുന്‍പില്‍ പൊലീസ് തടഞ്ഞു. ഇതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവില്‍ പൊലീസ് ഓഫീസര്‍ ഷിനോസ് കുമാര്‍ മറ്റ് പൊലീസുകാര്‍ക്കിടയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ ചീത്ത വിളിച്ചത്. വിദ്യാര്‍ത്ഥികള്‍ ഇത് ചോദ്യം ചെയ്തതോടെ ഷിനോസ് ലാത്തി വീശുകയായിരുന്നു.

ലാത്തി കൊണ്ടുള്ള കുത്തേറ്റ് പ്രതിഷേധമാര്‍ച്ചിന്റെ മുന്‍നിരയിലുണ്ടായിരുന്ന ബി.എഡ് വിദ്യാര്‍ത്ഥി സുരാജിന്റെ ഇടതു കണ്ണിന് ഗുരുതരമായി പരുക്കേറ്റു. സുരാജിന്റെ കണ്ണിന്റെ റെറ്റിനയ്ക്ക് പരുക്കേറ്റതായി പരിശോധനയില്‍ വ്യക്തമായി. കാഴ്ചയ്ക്ക് മങ്ങലേറ്റതിനാല്‍ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി സുരാജിനെ മാറ്റിയിരിക്കുകയാണ്. പ്രകോപനമൊന്നുമില്ലാതെ വിദ്യാര്‍ത്ഥിക്ക് നേരെ പോലീസുകാരന്‍ ആക്രമണം നടത്തിയതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഷിനോസിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ ഡിജിപിക്ക് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here