യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാ ക്കി; യോഗ ചെയ്യാത്തവര്‍ ഇന്ത്യ വിടണമെന്ന് യോഗി ആദിത്യനാഥ്

ദില്ലി: മുസ്ലിം വിഭാഗത്തിന്റെ പ്രതിഷേധത്തിനൊടുവില്‍ യോഗയില്‍ നിന്ന് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. വലിയ രീതിയിലുള്ള പ്രക്ഷോഭം ആരംഭിക്കാന്‍ അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തയ്യാറെടുക്കുന്നതിനിടയിലാണ് സൂര്യനമസ്‌കാരം ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ജൂണ്‍ 21 ആഗോള യോഗദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറെടുക്കുന്നതിനിടയിലാണ് നടപടി. യോഗ ഹിന്ദുമത ആചാരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശവ്യാപക പ്രക്ഷോഭത്തിന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് തയ്യാറെടുത്തിരുന്നത്.

എന്നാല്‍ യോഗ മതവുമായി ബന്ധപ്പെടുത്തിയല്ലെന്നാണ് ആയുഷ് വകുപ്പ് സഹമന്ത്രി ശ്രീപദ് നായിക് പറഞ്ഞത്. യോഗാഭ്യാസം നിര്‍ബന്ധമാക്കിയിട്ടുമില്ല. യാതൊരു മാനദണ്ഡങ്ങളും സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെടുത്തി മുന്നോട്ട് വച്ചിട്ടില്ല. രാജ്യത്തിന്റെ പാരമ്പര്യം ലോകത്തിന്റെ മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അവസരമാണിതെന്നും മന്ത്രി പറഞ്ഞു. പങ്കെടുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ പങ്കെടുക്കേണ്ടതില്ല. ഓം പറയാന്‍ ബുദ്ധിമുട്ടുള്ളവര്‍ പറയേണ്ടതില്ലെന്നും ശ്രീപദ് നായിക് പറഞ്ഞു.

ജൂണ്‍ 21 അന്താരാഷ്ട്ര യോഗദിനമായി ആചരിക്കാന്‍ ഐക്യരാഷ്ട്രസഭ ആഹ്വാനം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി ലോകവ്യാപകമായി ഇന്ത്യ വലിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. എന്നാല്‍, ഇത് ഹൈന്ദവാചാരങ്ങള്‍ കെട്ടി ഏല്‍പിക്കാനുള്ള മോദി സര്‍ക്കാരിന്റെ ശ്രമമാണെന്നാണ് ന്യൂനപക്ഷങ്ങളുടെ ആക്ഷേപം.

അതേസമയം, യോഗയില്‍ പുതിയ വിവാദവുമായി ബിജെപി എംപി യോഗി ആദിത്യനാഥ് രംഗത്തെത്തി. യോഗയും സൂര്യനമസ്‌കാരവും ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ ഇന്ത്യ വിട്ടുപോവണമെന്നാണ് യോഗിയുടെ പുതിയ പരാമര്‍ശം. ഇവര്‍ ഒന്നുകില്‍ രാജ്യം വിടണം, അല്ലെങ്കില്‍ സ്വയം കടലില്‍ ചാടണമെന്ന് യോഗി പറഞ്ഞു. വാരണാസിയിലെ ഒരു ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കവേയായിരുന്നു യോഗിയുടെ പരാമര്‍ശം. സൂര്യനമസ്‌കാരം മനസ്സിനെ ശുദ്ധീകരിക്കുന്നതാണ്.സൂര്യഭഗവാനെ അംഗീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ കടലില്‍ ചാടുകയോ, ശേഷിക്കുന്ന ജീവിതം ഇരുണ്ട മുറിയില്‍ ജീവിച്ചു തീര്‍ക്കുകയോ ആണ് നല്ലതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News