ചാവക്കാട്: ചാവക്കാട് നഗരസഭാ ചെയര്‍മാനായിരുന്ന സിപിഐഎം നേതാവ് കെ പി വല്‍സലനെ കുത്തിക്കൊന്ന കേസില്‍ മൂന്നു മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. പ്രതികളായ കരിം, ഹുസൈന്‍, നസീര്‍ എന്നിവര്‍ക്കു തൃശൂര്‍ അയ്യന്തോളിലെ അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇവര്‍ കുറ്റക്കാരാണെന്നു ഇന്നു രാവിലെ കോടതി കണ്ടെത്തിയിരുന്നു.
2006-ലെ നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ ഏപ്രില്‍ പതിനാറിനാണ് വല്‍സലന്‍ കൊലചെയ്യപ്പെട്ടത്. ഗുരുവായൂര്‍ മണ്ഡലത്തില്‍ കെ വി അബ്ദുള്‍ ഖാദറിന്റെ പ്രചാരണത്തില്‍ പങ്കെടുക്കുകയായിരുന്ന വല്‍സലനെ പ്രചാരണ പരിപാടി തടഞ്ഞായിരുന്നു കൊലചെയ്തത്. വല്‍സലനൊപ്പം മറ്റൊരു സിപിഐഎം പ്രവര്‍ത്തകനായ അക്ബറിനും കുത്തേറ്റിരുന്നു. അഞ്ചുപേരാണ് പ്രതികള്‍. ഇതില്‍ ഒരാളെ കണ്ടെത്താനായിട്ടില്ല.
കുറച്ചുകാലമായി ചാവക്കാട്ടു ലീഗ് പ്രവര്‍ത്തകര്‍ സിപിഐഎമ്മുകാരെ അക്രമിക്കുന്നതു പതിവാക്കിയിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയിലും അക്രമം തുടര്‍ന്നു. ഇതിനിടയിലാണ് പ്രചാരണ പരിപാടി തടഞ്ഞ് കൗണ്‍സിലറായിരുന്ന അക്ബറിനെ കൊലപ്പെടുത്താന്‍ ശ്രമം നടന്നത്. അക്ബറിനെ ആക്രമിക്കുന്നത് തടഞ്ഞ വല്‍സലനെയും ലീഗുകാരായ അക്രമികള്‍ കുത്തുകയായിരുന്നു. പിഴയായി ലഭിക്കുന്ന തുകയില്‍നിന്ന് രണ്ടു ലക്ഷം രൂപ വല്‍സലന്റെ കുടുംബത്തിനു നല്‍കാനും കോടതി ഉത്തരവിട്ടു.
Get real time update about this post categories directly on your device, subscribe now.
Discussion about this post