അങ്ങാടിയില്‍ തോറ്റതിന് ജീവനക്കാരുടെ നെഞ്ചത്ത്; നെസ്‌ലെ ജീവനക്കാരുടെ അവധി റദ്ദാക്കി

ദില്ലി: അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തെന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇവിടെയിപ്പോള്‍ അതും ആയി. അമ്മയുടെ നെഞ്ചത്തല്ല, ജീവനക്കാരുടെ നേര്‍ക്കാണെന്നു മാത്രം. മാഗിക്ക് ഇന്ത്യയില്‍ രാജ്യവ്യാപക നിരോധനം ഏര്‍പ്പെടുത്തുകയും, ഉല്‍പന്നം തിരിച്ചു വിളിക്കുകയും ചെയ്തതോടെ നെസ്‌ലെ ജീവനക്കാര്‍ക്ക് അവധി നിഷേധിച്ചു. കമ്പനിയില്‍ നിലവില്‍ ഒരു അടിയന്തര സാഹചര്യവും ഇല്ലാത്ത സാഹചര്യത്തിലാണ് കമ്പനി ജീവനക്കാര്‍ക്ക് അവധി
നിഷേധിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡ് ആസ്ഥാനമായ കമ്പനിയില്‍ ഇന്ത്യയില്‍ ഏകദേശം 5,000-ല്‍ അധികം ജീവനക്കാരുണ്ട്. അവധി അനുവദിച്ചിരുന്ന ജീവനക്കാരുടെ അവധി പോലും കമ്പനി റദ്ദാക്കിയതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് കേന്ദ്രഭക്ഷ്യസുരക്ഷാ വിഭാഗം മാഗിയുടെ ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിരോധിച്ചത്. ഇതേതുടര്‍ന്ന് വിപണിയില്‍ നിന്ന് ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാന്‍ മാഗി തീരുമാനിച്ചിരുന്നു. കമ്പനിയോട് ഉല്‍പാദനം നിര്‍ത്തിവയ്ക്കാനും ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു. ഉല്‍പന്നം പിന്‍വലിക്കുമ്പോള്‍ എല്ലാ കടകളിലും ഉള്ള പാക്കുകള്‍ ഒഴിവാക്കുകയും പിന്‍വലിക്കുന്ന പാക്കറ്റുകളില്‍ റീകാള്‍ഡ് എന്ന് മുദ്രണം ചെയ്യുകയും വേണം.

ഉല്‍പന്നങ്ങള്‍ മാഗി തന്നെ നശിപ്പിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് ചെലവു കുറഞ്ഞതും ഏറ്റവും എളുപ്പമുള്ളതുമായ നടപടിയാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രാജ്യത്താകമാനം ആറ് ദശലക്ഷം കടകളും മൂന്ന് ലക്ഷത്തിലധികം ചെറുകിട ഹോട്ടലുകളും ഉണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം രണ്ടരലക്ഷം ടണ്ണിലധികം മാഗി ഉല്‍പന്നങ്ങളാണ് ഇന്ത്യയില്‍ മാത്രം വിറ്റഴിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here