തിരുവനന്തപുരം: കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന് കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരത്തെ പ്രത്യേക സിബിഐ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിലെ മുഴുവന്‍ പ്രതികള്‍ക്കും കോടതി ജാമ്യം അനുവദിച്ചു. കര്‍ശന വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിട്ടുള്ളത്. പ്രതികള്‍ തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കരുതെന്നാണ് പ്രധാന ജാമ്യവ്യവസ്ഥ. എല്ലാ ആഴ്ചയും കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു.
സിബിഐയുടെ കടുത്ത എതിര്‍പ്പിനെ മറികടന്നാണ് പ്രതികള്‍ക്കെല്ലാം കോടതി ജാമ്യം അനുവദിച്ചത്. കേസ് അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്ന് സിബിഐ വാദിച്ചിരുന്നു. എന്നാല്‍, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്ന് പ്രതിഭാഗവും വാദിച്ചു. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് ഇന്നലെ സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
സലിംരാജടക്കം അഞ്ച് പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നായിരുന്നു സിബിഐ അറിയിച്ചത്. ഉന്നതരുടെ പങ്ക് വെളിപ്പെടുത്താന്‍ പ്രതികള്‍ തയ്യാറാവുന്നില്ലെന്നും നുണപരിശോധനയ്ക്ക് തയ്യാറാവുന്നില്ലെന്നും സിബിഐ അറിയിച്ചു. ഉന്നതബന്ധം ഉപയോഗിച്ച് പ്രതികള്‍ കേസ് അട്ടിമറിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. 14 കോടി രൂപയുടെ ഇടപാട് നടന്നതായി സിബിഐ കണ്ടെത്തിയിട്ടുണ്ട്.
കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് മുഖ്യമന്ത്രിയുടെ മുന്‍ഗണ്‍മാനായ സലിംരാജിനെതിരെയുള്ള കേസ്. സംഭവത്തെക്കുറിച്ച് റവന്യൂ ഡപ്യൂട്ടി കളക്ടര്‍ നടത്തിയ അന്വേഷണത്തില്‍ കടകംപള്ളി വില്ലേജ് ഓഫീസറും കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ചില റിയല്‍ എസ്‌റ്റേറ്റുകാരും ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉണ്ടാക്കിയ കൂട്ടുകെട്ടിലൂടെ വ്യാജ തണ്ടപ്പേര് തയ്യാറാക്കിയും കോടതി വിധികളെ വരെ ദുര്‍വ്യാഖ്യാനം ചെയ്തും ഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സി.ബി.ഐയുടെ അന്വേഷണത്തില്‍ സലിംരാജ് കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. കൂടെ അറസ്റ്റിലായ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതായും സി.ബി.ഐ വെളിപ്പെടുത്തിയിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here