ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ നീക്കം ചെയ്യുന്നു: അടിയന്തരാവശ്യത്തിന് ഇനി ലോക്കോ പൈലറ്റിനെ വിളിക്കണം

തിരുവനന്തപുരം: ട്രെയിനുകളിലെ അപായച്ചങ്ങലകള്‍ ഒഴിവാക്കാന്‍ റെയില്‍വേ തീരുമാനിച്ചു. ഉടന്‍ തന്നെ ട്രെയിന്‍ കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്യും. അപായച്ചങ്ങലകള്‍ അനാവശ്യമായി ഉപയോഗിക്കുന്നതു മൂലം പ്രതിവര്‍ഷം 3000 കോടി രൂപ റെയില്‍വേയ്ക്കു നഷ്ടമുണ്ടാകുന്നുവെന്നു കാട്ടിയാണ് നടപടി.

റെയില്‍വേയുടെ വിവിധ കോച്ച് വര്‍ക്ക്‌ഷോപ്പുകളില്‍ കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കം ചെയ്തു തുടങ്ങി. അപായച്ചങ്ങല നീക്കം ചെയ്യുന്നതോടെ അടിയന്തരാവശ്യങ്ങള്‍ക്കു ട്രെയിനിന്റെ ലോക്കോപൈലറ്റിന്റെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റിന്റെയും നമ്പരുകള്‍ കോച്ചുകളില്‍ പ്രദര്‍ശിപ്പിക്കും. യാത്രക്കാര്‍ക്ക് ഈ നമ്പരുകളില്‍ വിളിച്ചാല്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ ട്രെയിന്‍ നിര്‍ത്താന്‍ സാധിക്കുമെന്ന അറിയിപ്പും കോച്ചുകളില്‍ സ്ഥാപിക്കും.

പുതിയതായി റെയില്‍വേ പുറത്തിറക്കിയ കോച്ചുകളില്‍ അപായച്ചങ്ങല ഒഴിവാക്കിയിരുന്നു. ലോക്കോ പൈലറ്റിന്റെയും അസിസ്റ്റന്റ് പൈലറ്റിന്റെയും നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നതിനൊപ്പം ഓരോ മൂന്നു കോച്ചുകളിലും വാക്കി ടോക്കിയുമായി റെയില്‍വേ ജീവനക്കാരെയും നിയോഗിക്കും.

അപായച്ചങ്ങലകള്‍ വലിച്ചു ട്രെയിന്‍ നിര്‍ത്തുന്നത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിവാണെന്നും റെയില്‍വേ ചൂണ്ടിക്കാട്ടുന്നു. അടിയന്തര സാഹചര്യങ്ങളില്‍ കോച്ചില്‍ ടിടിഇയുടെ സഹായം ലഭ്യമല്ലെങ്കില്‍ മാത്രം വലിക്കേണ്ട ചങ്ങല, അനാവശ്യമായ പല കാര്യങ്ങള്‍ക്കുമാണ് വലിക്കുന്നത്. യാത്രക്കാര്‍ അവരുടെ കൂടെയുള്ളവരെ കാണാതായാല്‍ പോലും ചങ്ങല വലിക്കുന്നുണ്ട്. ട്രെയിന്‍ നിര്‍ത്തി യാത്ര തുടരേണ്ടതു മൂലം സമയനഷ്ടവും ധനനഷ്ടവും ഉണ്ടാകുന്നു. ഉത്തര്‍പ്രദേശിലും ബിഹാറിലുമാണ് ഇത്തരം സംഭവങ്ങളേറെയും. സ്‌റ്റേഷനുകളിലല്ലാതെ സൗകര്യപ്രദമായ സ്ഥലത്തു ട്രെയിന്‍ നിര്‍ത്തിക്കിട്ടുന്നതിനും പലരും ചങ്ങല വലിക്കാറുണ്ടെന്നും റെയില്‍വേ ഉന്നതോദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ലാഭമുണ്ടാക്കാനും വരുമാനം വര്‍ധിപ്പിക്കാനുമുള്ള റെയില്‍വേയുടെ നീക്കമാണ് ഇതിനു പിന്നിലെന്നാണ് ആരോപണം. കടുത്ത നഷ്ടത്തില്‍ മുന്നോട്ടു പോകുന്ന റെയില്‍വേ പല വഴികളിലൂടെ ധനാഗമത്തിന് ശ്രമിക്കുകയാണ്. യാത്രക്കാരുടെ സുരക്ഷയ്ക്കു വെല്ലുവിളിയാകുന്നതാണ് അപായച്ചങ്ങല നീക്കം ചെയ്യുന്നതെന്നും സ്ത്രീകള്‍ക്കെതിരായ അക്രമവും കൊള്ളയും നടന്നാലും യാത്രക്കാര്‍ നിസഹരായി നോക്കി നില്‍ക്കേണ്ട സാഹചര്യമാണ് ഇതിലൂടെ ഉണ്ടാവുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News