നാസയുടെ ‘പറക്കുംതളിക’ വിജയം; പരീക്ഷിച്ചത് മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാനാവുന്ന പേടകം

ഫ്‌ളോറിഡ: അന്യഗ്രഹങ്ങളിലേക്ക് മനുഷ്യനെയും ഭാരമേറിയതും വലിപ്പമേറിയതുമായ ഉപഗ്രഹങ്ങളും അയയ്ക്കാനുള്ള നാസയുടെ ശ്രമത്തിന് വിജയത്തുടക്കം. റോക്കറ്റുകളില്‍ അയക്കാവുന്നതിനേക്കാള്‍ വലിയതും ഭാരമേറിയുമായ പേ ലോഡുകള്‍ ചൊവ്വയടക്കമുള്ള അന്യഗ്രഹങ്ങളിലേക്ക് അയക്കാന്‍ സാധിക്കുന്ന സോസറിന്റെ രൂപത്തിലുള്ള ബഹിരാകാശ വാഹനത്തിന്റെ രണ്ടാമത്തെ പരീക്ഷണവും വിജയമായി. മനുഷ്യനെ ചൊവ്വയടക്കമുള്ള അന്യഗ്രഹങ്ങളിലേക്ക് അയയ്ക്കാന്‍ കഴിയുന്ന വിധമാണ് പേടകം രൂപകല്‍പന ചെയ്തിരിക്കുന്നത്.

ഭൂമിയില്‍നിന്ന് 1,80,000 അടി ഉയരത്തിലാണ് ഫഌയിംഗ് സോസര്‍ എന്നറിയപ്പെടുന്ന ലോ ഡെന്‍സിറ്റി സൂപ്പര്‍സോണിക് ഡിസെലിറേറ്റര്‍ പേടകം വിജയകരമായി പരീക്ഷിച്ചത്. ചൊവ്വയിലേക്ക് പേടകം അയക്കാവുന്ന അന്തരീക്ഷ നിലയില്‍ നടത്തിയ പരീക്ഷണം വിജയമായതോടെ ബഹിരാകാശ പര്യവേക്ഷണ രംഗത്തു കൂടുതല്‍ പ്രതീക്ഷയാവുകയാണെന്നാണ് നാസയുടെ വിലയിരുത്തല്‍. ഭാഗികമായി തുറക്കാവുന്ന ഒരു പാരചൂട്ടിന്റെ മാതൃകയിലാണ് പേടകം രൂപകല്‍പന ചെയ്തിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഹവായില്‍നിന്ന് ഇതേ പേടകം പരീക്ഷിച്ചിരുന്നെങ്കില്‍ വിജയം ഭാഗികമായിരുന്നു. ശബ്ദാതിവേഗത്തില്‍ സഞ്ചരിക്കുന്ന പേടകം പരീക്ഷണത്തിനു ശേഷം തിരിച്ചിറക്കാവുന്നതുമാണ്. മനുഷ്യനെ ചൊവ്വയിലേക്ക് അയയ്ക്കാന്‍ മതിയായ ഭാരം വഹിക്കാന്‍ ശേഷിയുള്ളതാണ് പേടകം. ഇരുപതു മുതല്‍ മുപ്പതു മെട്രിക് ടണ്‍ വരെയാണ് മനുഷ്യനെ ചൊവ്വോപരിതലത്തിലെത്തിക്കാന്‍ വഹിക്കേണ്ട ഭാരം. രണ്ടു മുതല്‍ മൂന്നു ടണ്‍വരെ ഭാരമുള്ള പേലോഡുകളും അയയ്ക്കാന്‍ കഴിയും. ഇപ്പോഴുള്ള പേടകങ്ങളില്‍ ഇതിന്റെ പകുതി ഭാരമുള്ള പേലോഡുകളേ അയയ്ക്കാനാവൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here