എച്ച്എസ്ബിസി 50,000 പേരെ പിരിച്ചുവിടുന്നു

ഹോങ്കോംഗ്: ഏറ്റവും വലിയ സ്വകാര്യ ബാങ്കിംഗ് സ്ഥാപനമായ എച്ച്എസ്ബിസിയില്‍ കൂട്ട പിരിച്ചുവിടല്‍. 50,000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്ന് കമ്പനി അറിയിച്ചു. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുവര്‍ട് ഗള്ളിവര്‍ അദ്ദേഹത്തിന്റെ രണ്ടാമത് പ്രസംഗം നടത്താനിരിക്കെയാണ് പിരിച്ചുവിടല്‍ നടപടി എന്നത് ശ്രദ്ധേയമാണ്. ബാങ്കിനെ വളര്‍ച്ചയിലെത്തിക്കാനുള്ള തന്റെ തന്ത്രങ്ങള്‍ സംബന്ധിച്ച് ഗള്ളിവര്‍ വിശദീകരണം നല്‍കും.

ബാങ്കിന്റെ മൊത്തം ജീവനക്കാരില്‍ അഞ്ചിലൊരു ഭാഗം പേരും ഇതോടെ ജോലിയില്ലാത്തവരാകും. പുറത്താകുന്നവരില്‍ 25,000 പേരും ബ്രസീല്‍, തുര്‍ക്കി യൂണിറ്റുകളിലെ സെയില്‍സ് വിഭാഗത്തില്‍ നിന്നായിരിക്കും. 22,000 മുതല്‍ 25,000 വരെ പേര്‍ ചില ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നതിലൂടെ ഐ.ടി, ബാക്ക് ഓഫീസ് വകുപ്പുകളില്‍ നിന്നും പുറത്താകും. ബാങ്ക് നടപ്പാക്കുന്ന ജീവനക്കാരെ വെട്ടിച്ചുരുക്കല്‍ നടപടിയില്‍ ഏറ്റവും വലിയ വെട്ടിച്ചുരുക്കലാണിത്.

ഇതോടെ കമ്പനിയുടെ മുഴുവന്‍ സമയ ജീവനക്കാര്‍ രണ്ട് ലക്ഷത്തോളമാകും. 2010-ല്‍ 2,95,000 ആയിരുന്നു ബാങ്കിന്റെ ജീവനക്കാരുടെ ശേഷി. 2014-ല്‍ ഇത് 2,58,000 ആക്കി വെട്ടിക്കുറച്ചിരുന്നു. 2017ഓടെ പിരിച്ചുവിടല്‍ പൂര്‍ത്തിയാക്കുമെന്നാണ് ബാങ്ക് പറയുന്നത്. ബിസിനസ് വളര്‍ത്തുന്നതിലേക്കായി കുറച്ച് പുതിയ പേരെ എടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഇതുസംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ ബാങ്ക് തയ്യാറായിട്ടില്ല. എന്നാല്‍, ജീവനക്കാരെ പിരിച്ചുവിടല്‍ സ്ഥാപനത്തെ നേട്ടത്തിലാക്കാന്‍ പര്യാപതമല്ലെന്നാണ് ഈരംഗത്തെ വിദഗ്ധര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here