ഗവാമിയുടെ പ്രതിഷേധവും ജയില്‍വാസവും ഫലം കണ്ടു; ഇറാനില്‍ പുരുഷന്‍മാരുടെ കായികമത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്ക് അനുമതി

ടെഹ്‌റാന്‍: സ്ത്രീകള്‍ക്കെതിരായി കടുത്ത നിയമങ്ങള്‍ നിലനില്‍ക്കുന്ന ഇറാനില്‍ പുരുഷന്‍മാരുടെ കായിക മത്സരങ്ങള്‍ കാണാന്‍ സ്ത്രീകള്‍ക്കുള്ള വിലക്കു നീങ്ങുന്നു. ഈമാസം അവസാനം ടെഹ്‌റാനില്‍ നടക്കുന്ന വോളിബോള്‍ ലോക ലീഗ് മത്സരങ്ങള്‍ കാണാനാണ് പരിമിതമായ എണ്ണം സ്്ത്രീകള്‍ക്ക് അനുമതി നല്‍കിയത്. സ്ത്രീകള്‍ക്ക് അനുമതി നല്‍കിയാല്‍ മത്സരം ബഹിഷ്‌കരിക്കുമെന്ന തീവ്രപക്ഷ നിലപാടുകാരുടെ മുന്നറിയിപ്പിനിടെയാണ് സര്‍ക്കാര്‍ തീരുമാനം.

പുരുഷന്‍മാരുടെ വോളിബോള്‍ മത്സരം കാണാന്‍ ശ്രമിച്ചതിന് കഴിഞ്ഞവര്‍ഷം ഗോണ്‍ചേ ഗവാമി എന്ന യുവതിയെ ജയിലിലടച്ച ഇറാന്‍ നടപടി വിവാദമായിരുന്നു. ഇക്കാര്യം ലോകത്തുതന്നെ വലിയ ചര്‍ച്ചയായ സാഹചര്യത്തിലാണ് വിലക്കു നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ഗവാമിക്കെതിരായ കുറ്റം കോടതി ഒഴിവാക്കിയിരുന്നു. 1979ലെ ഇസ്ലാമിക വിപ്ലവത്തെത്തുടര്‍ന്നാണ് സ്ത്രീകള്‍ പുരുഷന്‍മാരുടെ കായികമത്സങ്ങള്‍ മൈതാനത്തിരുന്നു കാണുന്നതിനു വിലക്കേര്‍പ്പെടുത്തത്. അതേസമയം, ഇറാനില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ വിദേശവനിതകള്‍ക്കു വിലക്കുണ്ടായിരുന്നില്ല.

ലണ്ടന്‍ സര്‍വകലാശാലാ വിദ്യാര്‍ഥിനിയായിരുന്നു ജയിലിലടയ്ക്കപ്പെട്ട ഇരുപത്തിയാറുവയസുകാരി ഗവാമി. സ്ത്രീകള്‍ക്കു കായികമത്സരവേദികളിലുള്ള വിലക്കിനെതിരായ പ്രതിഷേധമെന്ന നിലയിലാണ് കഴിഞ്ഞ ജൂണില്‍ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തില്‍ നടന്ന വോളിബോള്‍ മത്സരം കാണാനെത്തിയത്. അറസ്റ്റിലായ ഗവാമി അഞ്ചുമാസം ടെഹ്‌റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ കഴിഞ്ഞിരുന്നു. ജയിലില്‍ ഗവാമി നിരാഹാരമിരുന്നതും ലോക മാധ്യമങ്ങള്‍ വാര്‍ത്തയാക്കി.

സാമൂഹിക സ്വാതന്ത്ര്യത്തിനു പ്രാമുഖ്യം നല്‍കുന്നെന്ന് അവകാശപ്പെടുന്ന പ്രസിഡന്റ് ഹസന്‍ റൗഹാമിക്കു ഗവാമിയുടെ അറസ്റ്റും ജയില്‍വാസവും കനത്ത തിരിച്ചടിയായിരുന്നു. സ്ത്രീകള്‍ കായികമത്സരങ്ങള്‍ പുരുഷന്‍മാരോടൊപ്പം ഇരുന്നു കാണുന്നതിനോട് അനുകൂലമാണ് തന്റെ നിലപാടെന്നും റൗഹാനി വ്യക്തമാക്കിയിരുന്നു. എന്നാല്‍, പാരമ്പര്യവാദികള്‍ക്കു മേല്‍ക്കൈയുള്ള ഇറാന്‍ കോടതികള്‍ പ്രസിഡന്റിന്റെ നിലപാടിന് വിരുദ്ധമായ നിലപാടെടുത്തു. സ്ത്രീകളെ കാണികളായി അനുവദിച്ചില്ലെങ്കില്‍ ഇറാനില്‍ മത്സരങ്ങളൊന്നും നടത്തില്ലെന്ന് ഇന്റര്‍നാഷണല്‍ വോളിബോള്‍ ഫെഡറേഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 2011-ലും പുരുഷന്‍മാരുടെ കായികമത്സരങ്ങള്‍ ഗാലറിയിലിരുന്നു കാണാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇറാനില്‍ സ്്ത്രീകള്‍ പ്രക്ഷോഭം നടത്തിയിരുന്നു.

സ്ത്രീകള്‍ക്കെതിരായ ഇറാനിലെ കര്‍ശന നിയമങ്ങള്‍ നേരത്തെയും ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച പുരുഷനെ കൊലപ്പെടുത്തിയ റയ്ഹാന ജബ്ബാരി എന്ന യുവതിയെ വധശിക്ഷയ്ക്കു വിധിച്ച ഇറാന്‍ നടപടി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നു വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News