ബാര്‍ കോഴ; കെ.ബാബുവിനെതിരെ കേസെടുക്കില്ല; തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്തേക്കില്ല. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്ന് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ബാബുവിനെതിരായ ആരോപണത്തില്‍ നടത്തിയ ദ്രുതപരിശോധനയില്‍ ബാബുവിനെതിരെ തെളിവ് കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. വിജിലന്‍സ് എസ്പി കെ.എം ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്ക് കൈമാറി.

ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ കെ.ബാബു പത്തുകോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. ബാര്‍ ഉടമ ബിജു രമേശ് നല്‍കിയ രഹസ്യ മൊഴിയിലാണ് ഇക്കാര്യം ഉണ്ടായിരുന്നത്. സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ചേംബറിലെത്തിയാണ് പണം കൈമാറിയതെന്നും ബിജു രമേശ് ആരോപിച്ചു. തൊട്ടുപിന്നാലെ ആരോപണം സ്ഥിരീകരിച്ച് പണം കൈമാറുന്ന സമയം താനും ഒപ്പമുണ്ടായിരുന്നെന്ന വാദവുമായി ചേംബര്‍ ഓഫ് കൊമേഴ്‌സ് അസോസിയേഷന്‍ മുന്‍ മേധാവി റസീഫും രംഗത്തെത്തി.

എന്നാല്‍, കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്ന് നേരത്തെതന്നെ ബിജു രമേശ് ആരോപിച്ചിരുന്നു. എസ്പി തന്നെ നേരിട്ട് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നെന്നായിരുന്നു ആരോപണം. ബാബുവിന്റെ അനധികൃത സ്വത്തിനെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്നും ഇക്കാര്യം ഒഴിച്ചുള്ള കാര്യങ്ങള്‍ മൊഴിയില്‍ പറഞ്ഞാല്‍ മതിയെന്നും തന്നെ സമ്മര്‍ദ്ദം ചെലുത്തുന്നതായും ആരോപിച്ച് ബിജു രമേശ് രംഗത്തെത്തി. കഴിഞ്ഞയാഴ്ച വിജിലന്‍സ് സംഘം കെ ബാബുവിനെ ചോദ്യം ചെയ്തപ്പോള്‍ ബാബു ആരോപണം നിഷേധിച്ചിരുന്നു.

ഇതോടെ ബാര്‍ കോഴക്കേസ് അവസാനിക്കുന്ന മട്ടാണ്. നേരത്തെ മാണിക്കെതിരെ കേസെടുക്കേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം വിജിലന്‍സിന് നിയമോപദേശം ലഭിച്ചിരുന്നു. വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി അഗസ്റ്റിനാണ് നിയമോപദേശം നല്‍കിയത്. ലഭിച്ചിട്ടുള്ള തെളിവുകള്‍ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നായിരുന്നു നിയമോപദേശം. അങ്ങനെ വരുമ്പോള്‍ ബാര്‍ കോഴ ആരോപണം തെളിവില്ലാതാവുകയും കേസ് തേഞ്ഞുമാഞ്ഞു പോകുകയും ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News