എല്ലാ നൂഡില്‍സ് ബ്രാന്‍ഡുകളും തമിഴ്‌നാട് പരിശോധിക്കുന്നു; ഭക്ഷ്യസുരക്ഷയില്‍ വീഴ്ചയുണ്ടെങ്കില്‍ കര്‍ശന നടപടി

ചെന്നൈ: മാഗിക്കുപിന്നാലെ മറ്റു നൂഡില്‍സ്, പാസ്ത ബ്രാന്‍ഡുകളുടെ പരിശോധന തമിഴ്‌നാട്ടിലും ആരംഭിച്ചു. രാജ്യമാകെ നൂഡില്‍സ് ബ്രാന്‍ഡുകളെല്ലാം പരിശോധിക്കണമെന്ന കേന്ദ്ര ഭക്ഷ്യ സുരക്ഷാ നിലവാര അഥോറിട്ടിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. സുരക്ഷാ നിലവാരത്തില്‍ വീഴ്ചയുണ്ടെന്നു ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു തമിഴ്‌നാട് ഭക്ഷ്യ സുരക്ഷാ വകുപ്പ് അറിയിച്ചു.

രുചി ഇന്റര്‍നാഷണലിന്റെ കോക്ക ഇന്‍സ്റ്റന്റ് നൂഡില്‍സ്, സി ജി ഫുഡ്‌സ് ഇന്ത്യയുടെ വൈവൈ, ഭുജിയ, ഗ്ലാക്‌സോ സ്മിത്ക്‌ലൈനിന്റെ ഫൂഡില്‍സ്, നെസ്റ്റ്‌ലേയുടെ മാഗി, പാസ്ത, എഎ ന്യൂട്രീഷന്റെ യമ്മി, ഇന്‍ഡോ നിസ്സിന്‍ ഫുഡ്‌സിന്റെ ടോപ് രമെന്‍, ഐടിസിയുടെ ഇന്‍സ്റ്റന്റ് നൂഡില്‍സ് എന്നിവയാണ് തമിഴ്‌നാട് പരിശോധിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു കഴിഞ്ഞദിവസങ്ങളില്‍ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ചെന്നൈ ഗിണ്ടിയിലെ കിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍, പാളയംകോട്ട, സേലം എന്നിവിടങ്ങളിലെ ഭക്ഷ്യ സുരക്ഷാ ലബോറട്ടറികള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്.

മാഗിക്കു നിരോധനം ഏര്‍പ്പെടുത്തിയ ആദ്യ സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. പിന്നാലെ വൈ വൈ എക്‌സ്പ്രസ് നൂഡില്‍സ്, റിലയന്‍സ് സെലക്ട് ഇന്‍സ്റ്റന്റ് നൂഡില്‍സ് സ്മിത്ത് ആന്‍ഡ് ജോണ്‍സ് ചിക്കന്‍ മസാല നൂഡില്‍സ് എന്നിവയ്ക്കും തമിഴ്‌നാട് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനത്തെത്തുടര്‍ന്ന് ഈ കമ്പനികള്‍ വിപണിയില്‍നിന്ന് ഉല്‍പന്നങ്ങള്‍ തിരിച്ചെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here