വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്കുതന്നെ; ശിപാര്‍ശ മന്ത്രിസഭായോഗം അംഗീകരിച്ചു;

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണക്കരാര്‍ അദാനി ഗ്രൂപ്പിന് നല്‍കാനുള്ള തീരുമാനത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. അദാനി പോര്‍ട്‌സിന് നിര്‍മാണച്ചുമതല നല്‍കാനുള്ള ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിര്‍ദേശത്തിനാണ് ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. അരുവിക്കരയില്‍ തെരഞ്ഞടുപ്പു നടക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കമ്മീഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു പദ്ധതിയുടെ പ്രഖ്യാപനമുണ്ടാകും.

മന്ത്രിസഭായോഗം അംഗീകാരം നല്‍കിയ സാഹചര്യത്തില്‍ അദാനിയുമായി ഉടന്‍തന്നെ കരാര്‍ ഒപ്പിടുമെന്നാണ് സൂചന. ഏറെ വിവാദമായ പദ്ധതിയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത എതിര്‍പ്പ് മറികടന്നാണ് അദാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ധാരണയിലെത്തിയത്. വിഴിഞ്ഞം തുറമുഖത്തെ സ്വകാര്യ കുത്തകകള്‍ക്കു വില്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍. വിഴിഞ്ഞം തുറമുഖം വേണമെന്ന നിലപാടാണ് പ്രതിപക്ഷത്തിനെങ്കിലും അദാനിക്കു വിഴിഞ്ഞത്തെ തീറെഴുതാനുള്ള നീക്കം അനുവദിക്കില്ലെന്നാണ് നിലപാട്.

അദാനി പോര്‍ട്‌സ് മാത്രമാണ് വിഴിഞ്ഞം നിര്‍മാണത്തിനായി ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നത്. ഏക ടെന്‍ഡറാണെങ്കിലും അംഗീകരിക്കാമെന്നു പദ്ധതിയുടെ നിയമോപദേശകരായ ഹേമന്ദ് സഹായ് ആന്‍ഡ് അസോസിയേറ്റ്‌സും ധനകാര്യ ഉപദേഷ്ടാക്കളായ എണസ്റ്റ് ആന്‍ഡ് യംഗും ശിപാര്‍ശ ചെയ്തിരുന്നു. സംസ്ഥാന നിയമവകുപ്പും സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പും അദാനിക്ക് അനുകൂലമായ നിലപാടെടുത്തതോടെ പൂര്‍ണമായി പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ പദ്ധതി നിര്‍മിക്കാന്‍ കളമൊരുങ്ങുകയായിരുന്നു. സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കാത്ത ലാന്‍ഡ്‌ബോര്‍ഡ് മാതൃകയില്‍ പദ്ധതി നടപ്പാക്കാമെന്ന കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ നിര്‍ദേശത്തെ അട്ടിമറിച്ചാണ് പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞത്തിന്റെ വികസനത്തിന് സ്വകാര്യ പങ്കാളിത്തം ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തേടിയത്.

കരാറാകുന്ന പക്ഷം അദാനി പോര്‍ട്‌സ് 120 കോടി രൂപ കരുതല്‍ നിക്ഷേപമായി സര്‍ക്കാരിന് നല്‍കും. പദ്ധതി നടത്തിപ്പിനായി പ്രത്യേക കമ്പനി ഇനി രൂപീകരിക്കേണ്ടതുണ്ട്. ഇതിനുശേഷമായിരിക്കും സര്‍ക്കാരും അദാനി പോര്‍ട്‌സും തമ്മിലുള്ള അന്തിമ കരാര്‍ ഉണ്ടാക്കുക. പദ്ധതി ഏറ്റെടുക്കാന്‍ 1635 കോടി നല്‍കണമെന്നാണ് അദാനിയുടെ നിബന്ധന. കേന്ദ്രവും കേരളവും സംയുക്തമായി വയബിലിറ്റി ഗ്യാപ് ഫണ്ടായി 816 കോടിയും നല്‍കണം. 2453 കോടി രൂപയായിരിക്കും അദാനി ചെലവഴിക്കുക. ആദ്യഘട്ടത്തിന്റെ ചെലവായ 7525 കോടിയില്‍ ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാര്‍ മുടക്കും. 40 വര്‍ഷം തുറമുഖം നിര്‍മിച്ച് നടത്താനുള്ള ലൈസന്‍സാണ് അദാനിക്ക് ലഭിക്കുക. സര്‍ക്കാരില്‍നിന്നുള്ള ധനസഹായത്തെ സംബന്ധിച്ച് അദാനി പോര്‍ട്‌സുമായി വിലപേശലുണ്ടാകില്ല. ടെന്‍ഡറിലെ നിബന്ധനകളിലും ഇനി മാറ്റംവരുത്തില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News