അമ്മയാകാന്‍ വ്യാജ’പ്രസവം’; നവജാത ശിശുക്കളെ മോഷ്ടിച്ചു കുട്ടികളില്ലാത്തവര്‍ക്കു വിറ്റ എന്‍ജിഒ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ദില്ലി: കുട്ടികളില്ലാതെ വിഷമിച്ച ദമ്പതികള്‍ക്കു കുട്ടികളെ മോഷ്ടിച്ചു നല്‍കി ദില്ലി ആസ്ഥാനമായുള്ള എന്‍ജിഒ സ്വന്തമാക്കിയതു ലക്ഷക്കണക്കിനു രൂപ. രാഷ്ട്രീയ ജന്‍ഹിത് ജന്‍സേവാ സന്‍സ്ഥാന്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തിച്ച എന്‍ജിഒയാണ് കുട്ടികളെ മോഷ്ടിച്ചു വിറ്റത്. ഇഷ്ടത്തിന് അനുസരിച്ചു കുട്ടികളെ മോഷ്ടിച്ചു നല്‍കിയ എന്‍ജിഒയിലൂടെ നിരവധി ദമ്പതികളാണ് ‘മാതാപിതാക്കളാ’യത്. ഒരൊറ്റ രാത്രികൊണ്ടു മാതാപിതാക്കളാക്കാമെന്നായിരുന്നു എന്‍ജിഒയുടെ വാഗ്ദാനം. ജനനസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിക്കാനും ദത്തെടുക്കല്‍ നിയമത്തിന്റെ നൂലാമാലകളില്‍നിന്നു ദമ്പതികളെ രക്ഷപ്പെടുത്താനുമായി ആശുപത്രികളില്‍ വ്യാജപ്രസവങ്ങള്‍ നടന്നതായും എന്‍ജിഒ രേഖകളുണ്ടാക്കി.

രണ്ടുമാസം മുമ്പു ദില്ലിയിലെ ഒരു ആശുപത്രിയിലെ ലേബര്‍ റൂമില്‍നിന്ന് കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എന്‍ജിഒയിലെ രണ്ടു പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ഇവരുടെ മൊഴി പ്രകാരം ദില്ലിയിലും പരിസരപ്രദേശങ്ങളിലുമായുള്ള ആശുപത്രിയില്‍ന ിന്നു മുപ്പതോളം കുട്ടികളെ മോഷ്ടിച്ചതായി വ്യക്തമായി. വെബ്‌സൈറ്റിലൂടെയാണ് കുട്ടികളില്ലാത്ത ദമ്പതികളെ സംഘടന ആകര്‍ഷിച്ചിരുന്നത്. ഇടപാടുകളെല്ലാം പരസ്യമായിരുന്നതിനാല്‍ ആരും സംശയിച്ചതുമില്ല.

കുട്ടികളെ കണ്ട് ഇഷ്ടപ്പെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ കൈമാറുന്നവിധമായിരുന്നു എന്‍ജിഒ പ്രവര്‍ത്തിച്ചിരുന്നത്. ദില്ലി ദ്വാരകയിലെ ഒരു ആശുപത്രിയില്‍ വച്ചാണ് കുട്ടികളെ കൈമാറിയിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. രണ്ടു മാസം കാണാതായ കുട്ടിയെയും പൊലീസ് ഇവരുടെ കൈയില്‍നിന്നു കണ്ടെത്തി. വിനോദ് കുമാര്‍, ശിക്ഷ ചൗധരി, അനില്‍ പാണ്ഡേ എന്നിവരാണ് അറസ്റ്റിലായത്. വിനോദ് കുമാറാണ് സംഘത്തലവനെന്നു പൊലീസ് പറഞ്ഞു.

2011ല്‍ സ്ഥാപിച്ച എന്‍ജിഒ പതിനായിരം രൂപ അഡ്വാന്‍സ് വാങ്ങിയശേഷമാണ് കുട്ടികളെ മോഷ്ടിച്ചു നല്‍കിയിരുന്നത്. പതിനായിരം രൂപ നല്‍കിയാല്‍ ഒരാഴ്ച കാത്തിരിക്കാന്‍ ആവശ്യപ്പെടും. ഈ സമയത്തിനുള്ളില്‍ കുട്ടികളെ കണ്ടെത്തുന്നതോടൊപ്പം ദമ്പതികളെയും സൂക്ഷ്മമായി നിരീക്ഷിക്കും. ദമ്പതികള്‍ തങ്ങളെ ചതിയില്‍പെടുത്തി കുടുക്കില്ലെന്നുറപ്പാക്കാനായിരുന്നു നിരീക്ഷണം. കുട്ടിയെ കണ്ടെത്തിക്കഴിഞ്ഞാല്‍ ആക്കാര്യവും ഒരു ദിവസം ദ്വാരകയിലെ ആശുപത്രിയില്‍ കഴിയണമെന്നും ദമ്പതികളെ അറിയിക്കും.

ഗര്‍ഭിണി എന്ന നിലയിലായിരിക്കും ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക. ഒരു ദിവസം കഴിയുമ്പോള്‍ കുട്ടിയുമായി ദമ്പതികള്‍ക്കു വീട്ടിലേക്കു പോവുകയും ചെയ്യാം. കുട്ടിയുടെ ജനനരേഖകള്‍ ശരിയാക്കാനാണ് ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രസവിച്ചതാണെന്ന രേഖകളുണ്ടാക്കുന്നതോടെ ദത്തെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍നിന്നു ദമ്പതികള്‍ക്കു രക്ഷപ്പെടാനും കഴിയുമെന്നതും കൂടുതല്‍ പേരെ സംഘത്തിലേക്ക് ആകര്‍ഷിച്ചതായും പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിക്കു നാലരലക്ഷം രൂപയും ആണ്‍കുട്ടിക്ക് അഞ്ചരലക്ഷം രൂപയുമാണ് സംഘം ഈടാക്കിയിരുന്നത്. ഇത്രയും പണം നല്‍കാനില്ലാത്തവര്‍ക്കും ആശുപത്രിയില്‍ പ്രവേശിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്കും ജനിച്ചു ദിവസങ്ങളു ം മാസങ്ങളും പ്രായമായ കുട്ടികളെയും നല്‍കിയിരുന്നു. ചില അഭിഭാഷകരുടെ സഹായത്തോടെ കൃത്രിമമായി ചമച്ച ദത്തെടുക്കല്‍ രേഖയാണ് ഇവര്‍ക്കു നല്‍കിയിരുന്നത്. ദില്ലിയിലെയും പരിസരപ്രദേശങ്ങളിലെയും പത്തു നഴ്‌സിംഗ് ഹോമുകള്‍ക്കും സംഘവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ദില്ലിക്കു പുറത്തും സംഘത്തിന് ഏജന്റുമാരുണ്ടായിരുന്നു. മീററ്റ്, ബുലന്ദ്ശഹര്‍, അലിഗഡ്, റാഞ്ചി എന്നിവിടങ്ങളിലെ ആശുപത്രികളില്‍നിന്നും സംഘം കുട്ടികളെ മോഷ്ടിച്ചിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News